കറിയുടെ സ്വാദും മണവും കൂട്ടാൻ കറിവേപ്പിലയും മല്ലിയിലയും ഉണ്ടെങ്കിൽ അതുമതി. പ്രത്യേകിച്ച് നാടൻ കറികളിൽ കറിവേപ്പിലയുടെ മണം രുചിയുടെ മാറ്റുകൂട്ടും. മല്ലിയിലയും പല വിഭവങ്ങൾക്കും പ്രത്യേക സ്വാദ് പകരുന്നു. എന്നാൽ വാങ്ങിക്കൊണ്ടുവരുന്ന ഇലകൾ അധികം വൈകാതെ വാടുകയും ചീഞ്ഞുപോകുകയും ചെയ്യുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചില ലളിതമായ മാർഗങ്ങളിലൂടെ ഇവ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാം.
കറിവേപ്പിലയുടെ പുതുമ നിലനിർത്താൻ
വെള്ളത്തിൽ തണ്ടോടെ സൂക്ഷിക്കാം: കറിവേപ്പിലയുടെ തണ്ടുകൾ ഒരു കുപ്പിയിലെ വെള്ളത്തിൽ ഇറക്കിവയ്ക്കുന്നത് പുതുമ നിലനിർത്താൻ സഹായിക്കും. ഇലകൾ വെള്ളത്തിൽ മുങ്ങിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ഇടയ്ക്കിടെ മാറ്റുകയും വേണം.
ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം: കറിവേപ്പില നന്നായി കഴുകി ഈർപ്പം പൂർണമായും മാറ്റിയശേഷം ഉണക്കിപ്പൊടിച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. ആവശ്യാനുസരണം കറികളിൽ ചേർക്കുകയും ചെയ്യാം.
ഫോയിൽ പേപ്പർ ഉപയോഗിക്കാം: കറിവേപ്പിലയുടെ ഈർപ്പം തുടച്ചുമാറ്റിയശേഷം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും സഹായകരമാണ്.
മല്ലിയില കേടാകാതിരിക്കാൻ
ഈർപ്പം ഒഴിവാക്കാം: മല്ലിയില കഴുകിയശേഷം വെള്ളം പൂർണമായും തുടച്ചുമാറ്റണം. ഇലകളിൽ ഈർപ്പം അവശേഷിക്കുന്നത് വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകാം.
സിപ്പ് ലോക്ക് കവർ ഉപയോഗിക്കാം: ഈർപ്പം നീക്കിയ മല്ലിയില പേപ്പർ ടവലിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. അമിതമായി ഈർപ്പം അടിഞ്ഞുകൂടുന്നില്ലെന്ന് ഇടയ്ക്കിടെ പരിശോധിക്കണം.
അരിഞ്ഞ് സൂക്ഷിക്കാം: മല്ലിയില ചെറുതായി അരിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ അരിഞ്ഞ ഇലകൾക്ക് പെട്ടെന്ന് ഗുണനിലവാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ കഴിയുന്നത്ര വേഗം ഉപയോഗിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ട കാര്യം: ഇലകൾ സൂക്ഷിക്കുന്നതിന് മുൻപ് ചീഞ്ഞതും വാടിയതുമായ ഭാഗങ്ങൾ നീക്കണം. ഏത് രീതിയിലായാലും ഇലകളുടെ പുതുമ ഇടയ്ക്കിടെ പരിശോധിക്കുകയും ചീഞ്ഞതോ അസ്വാഭാവികമായ മണമുള്ളതോ ആയ ഇലകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.




























