പിഎസ്സി അഴിമതി: ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറുടെ ശുപാർശ
നിയമന ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കേ, പിഎസ്സി ചെയര്മാന് ഡോ. എം.ആര്. ബൈജുവിനെയും കമ്മിഷനംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ ശുപാര്‍ശ. തമിഴ്നാട് ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര അര്‍ലേക്കര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് പിഎസ്സി ചെയര്മാന് അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറും.
സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട്ട് തുടക്കം; ഒളിംപിക്സ് പാക്കേജ് പ്രഖ്യാപിച്ചു
സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട്ട് എന്‍ ഐ ടി ഗ്രൗണ്ടില്‍ വര്‍ണാഭമായ കൊടിയേറ്റം. കേരളത്തിന് പുറത്തു മത്സരങ്ങള്‍ക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കു സര്‍ക്കാര്‍ ടി.എയും ഡി.എയും നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. 2036 ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഒളിംപ്യന്‍ പി ടി ഉഷ, വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്, കായിക താരങ്ങളായ പി ആര് ശ്രീജേഷ്, പി യു ചിത്ര, വിസ്മയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കായിക മേളക്ക് കൊടിയേറിയത്.
പിഎസ്സി പരീക്ഷാ ക്രമക്കേട്: മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കൂടി ഇന്നു രജിസ്റ്റര്‍ ചെയ്യും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും ഇതിനുപുറമെ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷാ നടത്തിപ്പിലും ക്രമക്കേട് നടന്നെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
പി.എസ്.സി അംഗങ്ങൾക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കാൻ ശുപാർശ
പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ശുപാര്‍ശ. പി.എസ്.സി അംഗങ്ങള്‍ക്ക് ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും പൊതുഭരണ സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
മാസപ്പടി കേസ്: എഫ്ഐആർ ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാസപ്പടി കേസില്‍ പിണറായി വിജയനും മകള്‍ വീണയ്ക്കും മരുമകന് മുഹമ്മദ് റിയാസിനുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകള്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്നു പരിഗണിക്കും. നേരത്തെ അപ്പീല്‍ അനുമതി നിഷേധിച്ച, ജസ്റ്റിസ് കെ. നടരാജന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചു തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
വന്യജീവി ആക്രമണ നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു
വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പാമ്പ്, തേനീച്ച, കടന്നല് എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളില്‍ മരിച്ചാല്‍ സഹായധനം 14 ലക്ഷം രൂപയില്‍ നിന്ന് 17.5 ലക്ഷം രൂപയാക്കി. പാമ്പ് കടി, തേനീച്ച, കടന്നല് കുത്ത് എന്നിവ മൂലം മരിച്ചാല്‍ നാല് ലക്ഷം രൂപയില്‍നിന്ന് അഞ്ച് ലക്ഷം രൂപയാക്കി. വന്യജീവി ആക്രമണത്തില്‍ 40 മുതല്‍ 60 വരെ ശതമാനം അംഗവൈകല്യം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയായും, 60 ശതമാനത്തിന് മുകളില്‍ അംഗവൈകല്യം ബാധിച്ചാല്‍ രണ്ടര ലക്ഷം രൂപയില്‍ നിന്ന് 3,12,500 രൂപയായും നഷ്ടപരിഹാരം വര്‍ധിപ്പിച്ചു.
ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ പതിനേഴുകാരനെ വീണ്ടും കസ്റ്റഡിയിലെടുക്കും
ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച പ്രതിയായ 17 കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് പൊലീസ് നടപടികളിലേക്കു കടന്നത്. വാഹന ഉടമയ്ക്കെതിരെ കേസെടുക്കണമെന്നും കുടുബം ആവശ്യപ്പെട്ടു. മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ പ്രതിഷേധത്തിനിടെ തളര്‍ന്നുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന് പരാതി
ചേരാനല്ലൂരില്‍ 17 കാരന് ഓടിച്ച കാറിടിച്ച് 55 കാരനായ സ്കൂട്ടര്‍ യാത്രക്കാരന് ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവും വാഹനത്തിന്റെ ഉടമയുമായ ഇരിഞ്ഞാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന് അഡ്വ. സുഭാഷ് തീക്കാടന്‍ ചേരാനല്ലൂര്‍ പോലീസില്‍ പരാതി നല്കി.
ശക്തമായ മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കേരളത്തെ പ്രമുഖ ഹെൽത്ത് ഹബ്ബാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തെ പ്രമുഖ ഹെല്‍ത്ത് ഹബ്ബാക്കുമെന്നും യൂറോപ്പിലുള്ള കെയര്‍ ഗിവിങ് കോഴ്സുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി സി.എസ്.ആര് ഫണ്ടും ഉപയോഗപ്പെടുത്തും. ആയുര്‍വേദവും അലോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സഹകരണ മേഖലയിൽ വിമാനസർവീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി
സഹകരണ മേഖലയില്‍ വിമാനസര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകര്‍ക്ക് സുരക്ഷയും ഉറപ്പാക്കും. കോഴിക്കോട് സിറ്റി സര്‍വീസ് സൊസൈറ്റിയുടെ 25-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്രായം മുതൽ നീന്തൽ പരിശീലനം ഉറപ്പാക്കണം: കെ. മുരളീധരൻ
റോഡ് സുരക്ഷയ്ക്ക് നല്കുന്ന പ്രാധാന്യത്തോടെ, ചെറുപ്രായം മുതല്‍ തന്നെ നീന്തല്‍ പരിശീലനം ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരന്. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ- ഓസ്ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കളമശ്ശേരിയിൽ റയിൽവേ ഇന്റർലോക്കിങ് പ്രവൃത്തികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം
കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് ( ട്രെയിന്‍ നമ്പര്‍ 26651) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷന്-കെഎസ്ആര് ബെംഗളൂരു(26652) വൈകുന്നേരം 3.20 ന് തൃശ്ശൂരില്‍നിന്നാകും പുറപ്പെടുക. ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12617) ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്സ്പ്രസ്( 16649), തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(16346) എന്നിവ ഒന്നേകാല്‍ മണിക്കൂര്‍ വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.
തിരുവനന്തപുരം ഡിസിസി യോഗത്തിൽ നേതാക്കളുടെ വിട്ടുനിൽക്കൽ: എഐസിസിക്ക് അമർഷം
എ.ഐ.സി.സി നേതാക്കള്‍ വിളിച്ചുചേര്‍ത്ത തിരുവനന്തപുരം ഡി.സി.സി യോഗത്തില്‍ നിന്ന് ജില്ലാ നേതാക്കളും എം.എല്‍.എമാരും വിട്ടുനിന്നതില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിക്ക് കടുത്ത അതൃപ്തി. യോഗത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ഡി.സി.സി പ്രസിഡന്റും പങ്കെടുത്തില്ല. ഡല്‍ഹിയില്‍ നടക്കുന്ന നവംബര്‍ 1 റാലിയും എസ് ഐ ആര് സമരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. അമ്പതോളം പേര് മാത്രമാണ് യോഗത്തിന് എത്തിയത്.
ഇടക്കുന്നത്ത് യുവതി കൊല്ലപ്പെട്ട സംഭവം: പൊലീസിന് വീഴ്ചയെന്ന് ആരോപണം
ഇടക്കുന്നം നെല്ലുംവിള താഴെ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) മരുമകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി പരാതി. മരുമകന് ജിജോയുടെ ഭീഷണി ചൂണ്ടിക്കാട്ടി ജയകുമാരിയുടെ മകള്‍ അര്‍ച്ചന രണ്ടുതവണ നൂറനാട് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഗവർണറുടെ ശുപാർശ ഉചിതമായ നടപടി: പി.എസ്. ശ്രീധരൻപിള്ള
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഭരണസമിതിയെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ ഉചിതമായ നടപടിയാണെന്ന് മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. വിവിധ അന്വേഷണ ഏജന്‍സികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും കൃത്യമായ നിയമോപദേശം തേടിയുമാണ് ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കക്കാടംപൊയിലിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട് കക്കാടംപൊയില്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
പ്രവാസി മലയാളികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
ഗള്‍ഫ് മേഖലയിലെ പ്രവാസി മലയാളികള്‍ക്കായി മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സൗകര്യം ലഭ്യമാണ്.
ശബരീശ ഭക്തർക്ക് വണ്ടിപ്പെരിയാർ വാളാർഡിയിൽ വിപുലമായ സൗകര്യങ്ങൾ
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ഇത്തവണ ഭക്തര്‍ക്ക് വിരിവക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകില്ല. പകരം വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.
പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: രമേശ് ചെന്നിത്തല
പിഎസ്സിക്ക് എതിരേ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മുന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്കു കത്തു നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രമക്കേടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയില്‍ നടക്കും. കോടതിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: എം.വി. ഗോവിന്ദൻ
പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പിഎസ്സിയെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പരാതിയെ തുടർന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐക്ക് സസ്പെൻഷൻ
യുവതിയെ ഗര്‍ഭിണിയാക്കി പിന്നീട് ബന്ധത്തില്‍നിന്ന് പിന്മാറിയെന്ന പരാതിയില്‍ സിഐയ്ക്ക് സസ്പെന്ഷന്. പത്തനംതിട്ട ഡിസിആര്‍ബി(ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്.
കൊച്ചിയെ തകർക്കാനുള്ള ഉത്തരേന്ത്യൻ ലോബിയുടെ ശ്രമം: ഹൈബി ഈഡൻ
ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സര്‍ അമൃത് സിംഗ് ഡാരന്റെ വര്‍ഗീയ പരാമര്‍ശം ഉത്തരേന്ത്യന്‍ ലോബിയുടെ പ്രചാരവേലയാണെന്ന് ഹൈബി ഈഡന് എംപി. ലോകത്തില്‍ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ഹൈബി ഈഡന് വ്യക്തമാക്കി.
കനത്ത മഴ: പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
കനത്ത മഴയ്ക്ക് പിന്നാലെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
വൈദികം മാനേജ്മെന്റിനെതിരെ ഇ.പി. ശ്ര്യാംജിത്ത്
വൈദേകം മാനേജ്മെന്റിനെതിരെ വീണ്ടും ഇപിയുടെ സഹോദരീ പുത്രന് ഇപി ശ്ര്യാംജിത്ത്. തന്റെ ഭാര്യയെ വൈദേകം പുറത്താക്കിയത് നിയമം പാലിക്കാതെയാണെന്നും വിശദീകരിക്കാന്‍ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്നും ഇപി ശ്ര്യാംജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
പുസ്തകമെഴുതാൻ ആഗ്രഹമുണ്ട്, എന്നാൽ ധൈര്യമില്ല: വി.ഡി. സതീശൻ
പുസ്തകം എഴുതാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും ധൈര്യമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന് തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു. ഒരുപാട് വിഷയങ്ങള്‍ തന്റെ മനസ്സിലുണ്ട്. പല ആശയങ്ങളും നല്ല പുസ്തകങ്ങളിലെ വായനയിലൂടെയാണ് ലഭിച്ചതെന്നും അദ്ദേഹം വിവരിച്ചു.
ആനയോട് ക്രൂരത: ഉടമയ്ക്കും പാപ്പാനും എതിരെ കേസ്
ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് ഉടമയ്ക്കും പാപ്പാനുമെതിരേ കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്ത് ‘ചെറിയപറമ്പത്ത് ഗോപാലന്’ എന്ന ആനയുടെ ഉടമ എകരൂല്‍ ചെറിയപറമ്പത്ത് സി.പി സത്യനാഥന്, പാപ്പാന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ ആക്രമണ ഭീഷണി: ഒരാൾ കസ്റ്റഡിയിൽ
മുഖ്യമന്ത്രി വി.ഡി. സതീശനെ കോഴിക്കോട് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും പൊലീസിന് സന്ദേശം. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ കോഴിക്കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
പി.പി. ദിവ്യയുടെ സഹോദരന് പണമയച്ചെന്ന ശബ്ദസന്ദേശം വ്യാജമെന്ന് എംഡി
കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് എംഡി മുഹമ്മദ് ആസിഫിന്റേതെന്ന പേരില്‍, പിപി ദിവ്യയുടെ സഹോദരനും ഡ്രൈവര്‍ക്കും പണം അയച്ചതായി വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പണമിടപാടിന്റെ സ്ക്രീന്‍ ഷോട്ടുകളും പുറത്ത്. എന്നാല്‍ ശബ്ദം തന്റേതല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു.
പൈക്കളങ്ങാടിയിൽ അഞ്ച് കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു
പൈക്കളങ്ങാടിയില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ചു കുട്ടികള്‍ക്ക് അഞ്ചാംപനി. ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍.
തിരുവനന്തപുരം മൃഗശാലയിൽ പ്രസവത്തെ തുടർന്ന് ഹനുമാൻ കുരങ്ങ് ചത്തു
തിരുവനന്തപുരം മൃഗശാലയില്‍ ആണ്‍കുരങ്ങിന് ജന്മം നല്‍കിയതിന് പിന്നാലെ പ്രസവ സംബന്ധമായ സങ്കീര്‍ണതകളെ തുടര്‍ന്ന് തള്ളക്കുരങ്ങ് ചത്തു. ഹനുമാന് കുരങ്ങന് കുഞ്ഞിന് സംരക്ഷണവുമായി പ്രത്യേക ദൗത്യസംഘം രംഗത്തുണ്ട്.
കോഴിക്കോട് സ്വദേശികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ(52), മകള്‍ അനഘശ്രീ(20) എന്നിവരെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ബിസിനസുകാരനും ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ടുമായ അജിത്താണ് ശ്രീലേഖയുടെ ഭര്‍ത്താവ്.
മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും: മല്ലികാർജുൻ ഖാർഗെ
മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്ന്, ബിഹാറില്‍ പ്രസംഗിക്കുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രസംഗിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സില്‍നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഖാര്‍ഗെ ഈ പരാമർശം നടത്തിയത്.
ഖാർഗെയുടെ പരാമർശം പരാജയഭീതി മൂലം: അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയംമൂലമുള്ള മനോവ്യഥയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ 12 വര്‍ഷത്തെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. ഖാര്‍ഗെയുടെ വാക്കുകള്‍ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു
സെലിബ്രിറ്റി ഷെഫ് ദാമോദരന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 72 വയസായിരുന്നു. 2025 ല്‍ പദ്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതല്‍ ഭക്ഷ്യവിഭവങ്ങളായ 617 ഇനം പാചകം ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച പാചക വിദഗ്ധനായിരുന്നു ഷെഫ് ദാമു.
ജമ്മു അതിർത്തിയിൽ പാകിസ്ഥാൻ കുറിപ്പുകളോടെ പ്രാവിനെ കണ്ടെത്തി
ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ കോഡ് രേഖപ്പെടുത്തിയ വളയവും ഉര്‍ദു കുറിപ്പും പാകിസ്ഥാന് കറന്‍സിയുമായി പ്രാവിനെ കണ്ടെത്തി. സാംബയിലെ മാവാ എന്ന അതിര്‍ത്തി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രാവിനെ കണ്ടെത്തിയത്.
ന്യൂസ്ക്ലിക്ക് കേസ്: സുപ്രീം കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്ക്ലിക്കിനും അതിന്റെ സ്ഥാപക എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയ്ക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു.
സിയാങ് അണക്കെട്ടിനെതിരായ പ്രക്ഷോഭം: അരുണാചലിൽ സംഘർഷം കടുക്കുന്നു
അരുണാചലില്‍ സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്രസേന. 11,200 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടിനെതിരായ യുവജനപ്രക്ഷോഭമാണ് അരുണാചലില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പാസിഘട്ടില്‍ എന്‍.എച്ച്.പി.സി ഓഫീസിനും പൊലീസ് സ്റ്റേഷനും തീയിട്ടു. ജനപ്രതിനിധികളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.
ഡി.വൈ. ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ മുന്‍ ജഡ്ജി സഞ്ജയ് കിഷന് കൗള്‍. ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗളിന്റെ വെളിപ്പെടുത്തല്‍.
രഹസ്യ ചിത്രീകരണ ശ്രമം: ഡി.കെ. ശിവകുമാറിന്റെ ആരോപണത്തിൽ അന്വേഷണമില്ല
വ്യവസായ ചര്‍ച്ചയുടെ മറവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി കേ ശിവകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കാതെ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസിയിലും ഒഡീഷയിലെ ഭുവനേശ്വറിലും സന്ദര്‍ശനം നടത്തി. വാരാണസിയില്‍ നിര്‍മ്മിച്ച പുതിയ വസ്ത്രനിര്‍മാണ യൂണിറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നമോ ഘട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 94-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്സ് ഓവര്‍ ഗംഗാസ് വ്യോമപ്രദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തു.
പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടത്തിൽ ജനങ്ങൾ പങ്കാളികളാകണം: രാഹുൽ ഗാന്ധി
വോട്ട് കൊള്ളയ്ക്കെതിരെയുള്ള രാംലീല മൈതാനിയില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടത്തില്‍ കര്‍ഷകരും യുവാക്കളും വിദ്യാര്‍ത്ഥികളും സ്ത്രീകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കാണാൻ രാഹുൽ ഗാന്ധിയെത്തി
പ്രിയങ്ക ഗാന്ധിയുടെ മകന് റൈഹാന്‍ വാദ്രയുടെ ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദര്‍ശനം കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. രാഷ്ട്രീയ ഉള്ളടക്കം ചൂണ്ടിക്കാട്ടി പ്രദര്‍ശനത്തിനെത്തിച്ച ചിത്രങ്ങളില്‍ പകുതിയിലേറെയും നീക്കം ചെയ്തത് വിവാദമായിരുന്നു.
ആറു മാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ സ്ഥലം മാറ്റി
ആറ് മാസത്തിനിടെ വിവിധ കേസുകളിലായി 23 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ കുടുംബ കോടതിയിലേക്ക് സ്ഥലംമാറ്റി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ജഡ്ജി രവി കുമാര്‍ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി സ്ഥലംമാറ്റിയത്.
ഭീമൻ സ്വർണ്ണ ജിമ്മിക്കിയുമായി ജോയ് ആലുക്കാസിന് രണ്ട് ഗിന്നസ് റെക്കോർഡ്
പതിനാറ് കിലോഗ്രാമിലധികം തൂക്കമുള്ള ഭീമന് സ്വര്‍ണ്ണ ജിമ്മിക്കി നിര്‍മ്മിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. കൈകൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുതുമായ സ്വര്‍ണ്ണക്കമ്മലുകള്‍ എന്ന ഗിന്നസ് ബഹുമതിയാണ് ഈ അപൂര്‍വ്വ ആഭരണം സ്വന്തമാക്കിയത്. ‘മയൂര സഹസ്ര’ എന്ന് പേരിട്ട ഈ 22 കാരറ്റ് സ്വര്ണ്ണക്കമ്മലുകള്ക്ക് 16.514 കിലോഗ്രാം തൂക്കമുണ്ട്.
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് നീട്ടി
സൗദി അറേബ്യയിലേക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഉടനെ ഇല്ല. റിയാദ്, ദമാം സര്‍വീസുകള്‍ റദ്ദാക്കിയത് നവംബര്‍ ഏഴു വരെയും ജിദ്ദ സര്‍വീസ് റദ്ദാക്കല്‍ ഒക്ടോബര്‍ 31 വരെയും നീട്ടി. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി.
അബുദാബിയിലെ സ്കൂളുകളിൽ 2000 എമിറാത്തി അധ്യാപകരെ നിയമിക്കും
അടുത്ത അഞ്ചു വര്‍ഷത്തിനകം അബുദാബിയിലെ സ്വകാര്യ സ്കൂളുകളില്‍ 2,000 എമിറാത്തി അധ്യാപകരെ നിയമിക്കാന്‍ പദ്ധതി. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് നോളജ് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ടെർമിനലുകൾ പ്രവർത്തനം പുനരാരംഭിച്ചു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 1, 2 ടെര്‍മിനലുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. വിമാനത്താവള അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്.
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഹോം മത്സരത്തിൽ സമനില
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ഹോം മത്സരത്തില്‍ ഗോള്‍രഹിത സമനില. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്.
രഞ്ജി ട്രോഫി: കേരളം ഇന്ന് ബംഗാളിനെ നേരിടും
കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് ഇന്നു തുടക്കം. തിരുവനന്തപുരം മംഗലപുരം കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ 121 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 207 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
വെള്ളിവിലയിൽ വൻ ഇടിവ് തുടരുന്നു
നിക്ഷേപകരെ ആശങ്കയിലാഴ്ത്തി വെള്ളിവില കുത്തനെ താഴേക്ക്. ഇന്ത്യയില്‍ ജനുവരി 29ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്ന് വില ഏകദേശം 50 ശതമാനത്തോളമാണ് ഇടിഞ്ഞത്. വെള്ളി ഫ്യൂച്ചേഴ്സ് വില കിലോഗ്രാമിന് 2 ലക്ഷം രൂപയ്ക്കു താഴെയെത്തി. ടെക് ഓഹരികളിലെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെയും വിറ്റഴിക്കലാണ് പ്രധാന കാരണം.
ഐഫോൺ ഡ്യുവോയിൽ സാങ്കേതിക തകരാറെന്ന് പരാതി
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്ക്രീന്‍ സ്മാര്‍ട്ഫോണായ ഐഫോണ്‍ ഡ്യുവോയ്ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഫോണിന്റെ സ്ക്രീന്‍ പൊട്ടുന്നുവെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഹിഞ്ച് മെക്കാനിസത്തിലെ തകരാറാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യൂട്യൂബിൽ തരംഗമായി ‘ഡിസ്കോ’യിലെ ഗാനം
യൂട്യൂബില്‍ 8 മില്ല്യണിലേറെ കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറി ഡിസ്കോയിലെ ‘ഇതിന്നോ ആദാമേ…’ എന്ന ഗാനം. മണികണ്ഠന് അയ്യപ്പയുടെ സംഗീത സംവിധാനത്തില്‍ ചെമ്പന്‍ വിനോദ്, ദേവ് മോഹന്‍, ലുക്മാന്, ആന്റണി പെപ്പെ എന്നിവരാണ് ഗാനരംഗത്തിൽ എത്തിയത്. ചിത്രം നവംബര്‍ 6ന് റിലീസ് ചെയ്യും.
ഫഹദ് ഫാസിൽ ചിത്രം ‘കരാട്ടെ ചന്ദ്രൻ’ പൂജ നടന്നു
ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന ‘കരാട്ടെ ചന്ദ്രന്’ എന്ന ബിഗ് ബജറ്റ് സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോട്ടയത്ത് വച്ച് നടന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
പുതിയ റെനോ ഡസ്റ്റർ ഉടൻ വിപണിയിലേക്ക്
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ജനപ്രിയ മോഡല്‍ ആയ ഡസ്റ്ററിന്റെ പുതിയ ത്രീ റോ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ബമ്പറിലും ഇൻ്റീരിയറിലും നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്.
പുസ്തക പരിചയം: ‘കോകിലയുടെ തിരോധാനം’
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യഥാര്‍ത്ഥ സര്‍വീസ് ഡയറിയില്‍ നിന്നുള്ള ഓര്‍മ്മക്കുറിപ്പുകളുമായി രാജമോഹനന് പൂജപ്പുര എഴുതിയ ‘കോകിലയുടെ തിരോധാനം’ പ്രവ്ധ ബുക്സ് പുറത്തിറക്കി. വില 237 രൂപ.
മോശം ആഹാരരീതി കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് പഠനം
ചില ജനിതക വകഭേദങ്ങൾ ഉള്ളവരിൽ മോശം ആഹാരശീലം ഉണ്ടാകുമ്പോൾ കൊളസ്ട്രോൾ നില കുത്തനെ ഉയരുമെന്ന് പുതിയ പഠനം. പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.





























