ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി. കോളേജിൽ ഐ. എസ്. ആർ. ഒ . ദിനാഘോഷത്തോടനുബന്ധിച്ച് കോളേജിലെ വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13, 14 തീയതികളിലായി വിദ്യാഭ്യാസ പ്രദർശനവും വാണിജ്യ-ഭക്ഷ്യ വിപണനമേളയും സംഘടിപ്പിക്കുന്നു.
ഐ.എസ്.ആർ.ഒ. യുടെ നേതൃത്വത്തിൽ നടക്കുന്ന “സ്‌പേസ് എക്‌സിബിഷൻ: ഫ്രം സ്‌പേസ് ടു സൊസൈറ്റി” എന്ന ശാസ്ത്ര പ്രദർശനത്തിൻ്റെ പ്രധാന ആകർഷണങ്ങൾ – ഐ.എസ്.ആർ.ഒ. ദൗത്യങ്ങൾ, റോക്കറ്റ്, സാറ്റലൈറ്റ് മാതൃകകൾ, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ-L1, ഗഗൻയാൻ, ലോഞ്ച് വാഹനങ്ങൾ (Launch Vehicles), ബഹിരാകാശ പര്യവേക്ഷണം, സാറ്റലൈറ്റ് ആപ്ലിക്കേഷനുകൾ പുതിയ ബഹിരാകാശ സാങ്കേതികവിദ്യകൾ
ഇന്ററാക്ടീവ് പ്രദർശനങ്ങൾ എന്നിവയാണ്. ശാസ്ത്ര വിഷയങ്ങളോടും ഉന്നതവിദ്യാഭ്യാസത്തോടും വിദ്യാർത്ഥികളിൽ ആഭിമുഖ്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അപൂർവ്വമായി ലഭിക്കുന്ന ഈ അവസരം സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ. എസ്. അനിൽ കുമാർ പറഞ്ഞു.
വിപണന മേളയിൽ പ്രമുഖ സ്ഥാപനങ്ങളായ ഹോർട്ടിക്കോർപ്പ്, ഖാദി ബോർഡ്, റബർ ബോർഡ്, ജീവനി ഫുഡ് പ്രോഡക്ട്സ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയുടെ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ഫോട്ടോ എക്സിബിഷൻ, സ്റ്റാമ്പ് പ്രദർശനം, പെറ്റ്‌സ് പ്രദർശനം എന്നിവയോടൊപ്പം ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ്.
പൊതുജനങ്ങൾക്കും സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്.































