തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയിൽ പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി. സമരസമിതി നേതാവ് വളർമതിക്ക് പകരം കാസർകോട് സ്വദേശി എം ജയകൃഷ്ണൻ നിരാഹാരം തുടങ്ങി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10ന് എസ് എഫ് ഐ സെക്രട്ടറിയറ്റ് മാർച്ച് നടത്തും. സെക്രട്ടറിയറ്റിന് മുമ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡിവൈഎഫ്ഐ നേതാക്കളുമായി സംസാരിക്കുന്നുണ്ട് സംഘർഷം ഉണ്ടാക്കരുതെന്ന് പോലീസ്. എന്നാൽ പോലീസാണ് സംഘർഷമുണ്ടാക്കുന്നതെന്ന് ഡി വൈ എഫ് ഐയും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചും എൽ പി എസ് റ്റി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡിവൈഎഫ്ഐ രാത്രിയിൽ മാർച്ച് നടത്തി. സെക്രട്ടറിയറ്റിന് മുന്നിൽ ടാർപ്പോളിൻ കൊണ്ട് പന്തൽ കെട്ടിയതിന് ശേഷമായിരുന്നു പാളയത്തേക്ക് മാർച്ച് നടത്തിയത്.
പന്തൽ നീക്കണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സമരസമിതി കൺവീനറായ എസ്. വളർമതിയ്ക്കാണ് 24 മണിക്കൂറിനകം സമരപ്പന്തലും ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ ഈ നിർദേശം ഉദ്യോഗാർത്ഥികൾ തള്ളി. സമരപ്പന്തൽ പൊളിക്കില്ലെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് സമരസമിതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബുധൻ രാത്രി 9.30 തോടെ വൻ പോലീസ് സംഘം ബലമായി എത്തി പന്തൽ പൊളിച്ചതും സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതും.1:25 അധ്യാപക-വിദ്യാർത്ഥി അനുപാതം നടപ്പിലാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസങ്ങളായി സമരം നടത്തിവരികയാണ്.
സമരപന്തൽ രാത്രി തന്നെ പുനഃസ്ഥാപിക്കുമെന്നും വളർമതി
ക്ക് പകരം മറ്റൊരാൾനിരാഹാരം ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞിരുന്നു.
































