തിരുവനന്തപുരം. വി.എസ്.എസ്.സി ഡയറക്ടറായി ഡോ. യു.പി. രാജീവിനെ നിയമിച്ചു. നിലവിൽ വി.എസ്.എസ്.സിയിൽ അസോസിയേറ്റ് ഡയറക്ടറാണ്. ഐ.എസ്.ആർ.ഒയുടെ സുപ്രധാന വിക്ഷേപണങ്ങളുടെ മിഷൻ ഡിസൈനിലും സിമുലേഷനിലും നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ.
വി.എസ്.എസ്.സി.യിൽ അസോസിയേറ്റ് ഡയറക്ടർ (റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) ആയി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. റോക്കറ്റ് നിയന്ത്രണത്തിലും മാർഗ്ഗനിർദ്ദേശത്തിലും ഡോ. രാജീവ് വിപുലമായ പരിചയസമ്പന്നനാണ്, കൂടാതെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) പ്രധാന വിക്ഷേപണ വാഹനങ്ങളുടെ ദൗത്യ രൂപകൽപ്പനകൾക്കും ദൗത്യ സിമുലേഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്നും വി.എസ്.എസ്.സി. പറഞ്ഞു.
കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ് ഡോ. രാജീവ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദം നേടിയ ശേഷം കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. വിഎസ്എസ്സിയിൽ കരിയർ ആരംഭിച്ച ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്ഡി നേടി.
ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷി അമ്മയുടെയും മകനാണ് ഡോ. രാജീവ്. വി.എസ്.എസ്.സിയിലെ സീനിയർ സയന്റിസ്റ്റ് ആശ പി. നായരാണ് ഭാര്യ. മകള്‍ പാർവതി നായർ .
































