Home News Breaking News ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനം, ഏഴു പ്രതികള്‍ക്കു വേണ്ടി പൊലീസ്...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനം, ഏഴു പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം

Advertisement

തലശ്ശേരി: കോഴിക്കോട് ചേവായൂരില്‍ നിന്നും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചത്. പാനൂര്‍ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്ന കുട്ടിയുടെ പരാതിയില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ആകെ ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ പിടികൂടുമെന്ന് ചേവായൂര്‍ എസ്എച്ച്ഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.

മേയ് 15ന് രാത്രി 10.30ന് കാറില്‍ എത്തിയ രണ്ടു പേര്‍ വീടിനു മുന്നില്‍ വച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ചേവായൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയില്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നു പൊലീസ് കണ്ടെത്തി. ബന്ധുവിനു ലഭിച്ച ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ സംഘം നെടുമ്പാശേരിയില്‍ എത്തിച്ചതായി വിവരം ലഭിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നു പ്രതികളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ തിരികെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചു. പെണ്‍കുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂര്‍ സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയില്‍ വീണു. വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലാക്കുകയായിരുന്നു.

രണ്ടു സംഘങ്ങളും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. പെണ്‍കുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞ് പൊലീസ് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 36 ദിവസത്തിനു ശേഷം പാനൂരിലെ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. ഇതിനു ശേഷം പെണ്‍കുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി കെയര്‍ഹോമിലേക്കു മാറ്റി. കൊളവല്ലൂരിലെരഹസ്യ കേന്ദ്രത്തില്‍ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായും അര്‍ധരാത്രിയിലും മറ്റും യുവതി യുവാക്കള്‍ ഇവിടെ വന്നു പോകുന്നതായും നാട്ടുകാര്‍ പറഞ്ഞു.

പാനൂര്‍ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂര്‍ സ്വദേശി പറമ്പത്ത് അജിതന്‍ എന്ന വ്യക്തി രണ്ടുമാസം മുന്‍പ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്നു താമസിപ്പിച്ചത്. കഴിഞ്ഞ ദിവസം കാറില്‍ എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊളവല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ലഹരിമരുന്നു തൂക്കുന്ന ചെറിയ ത്രാസ് കണ്ടെടുത്തിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here