സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലായി രാജ്യത്തുടനീളം 1,538 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യതകൾ
അപേക്ഷകർ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദധാരികളായിരിക്കണം. 2026 ഏപ്രിൽ ഒന്നിന് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും അപേക്ഷിക്കാൻ അർഹത. 1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവർക്കായിരിക്കും അവസരം. സംവരണ വിഭാഗക്കാർക്ക് എസ്.ബി.ഐ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
പ്രിലിമിനറി പരീക്ഷ: സെപ്റ്റംബറിൽ നടന്നേക്കും. 100 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റായ ഓരോ ഉത്തരത്തിനും നാലിലൊന്ന് മാർക്ക് നെഗറ്റീവ് മാർക്കായി കുറയ്ക്കും. ഇതിൽ ഓരോ സെക്ഷനും പ്രത്യേക മിനിമം മാർക്ക് നിബന്ധന ഉണ്ടായിരിക്കില്ല.
മെയിൻ പരീക്ഷ: ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ നടക്കും.
പ്രാദേശിക ഭാഷാ പരിശോധന: പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് പരിശോധന നിർബന്ധമാണ്.
ശ്രദ്ധിക്കാൻ
ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ. ഓൺലൈൻ അപേക്ഷയ്ക്കായി ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. നിലവിലെ 1,538 ഒഴിവുകൾ ബാക്ക്‌ലോഗ് വേക്കൻസികളാണെന്നും റെഗുലർ ജൂനിയർ അസോസിയേറ്റ് ഒഴിവുകൾക്കായി മറ്റൊരു വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാമെന്നും എസ്‌ബിഐ വ്യക്തമാക്കിയിട്ടുണ്ട്.



























