27.2 C
Kollam
Wednesday 5th August, 2026 | 01:05:38 PM
Home News Breaking News സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു, യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു, യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ചത്ര (ജാര്‍ഖണ്ഡ്): സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. 32കാരനായ മുഹമ്മദ് ഇമ്രോസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ 2023ലെ മറ്റൊരു പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ സമയത്താണ് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമം ബന്ധുക്കളോട് വെളിപ്പെടുത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതര പരിക്കേറ്റ ഇമ്രോസിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റുകയും വൈദ്യപരിശോധനയ്ക്കുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആക്രമണത്തിന്റെ ഭാഗമായ കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഹിദായത്തുല്ല ഖാന്‍ ആശങ്ക രേഖപ്പെടുത്തി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയ ഹിദായത്തുല്ല ഖാന്‍, സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here