തിരുവനന്തപുരം. ബന്ധുവും മകളുടെ കൂട്ടുകാരിയുമായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ വില്ലേജിൽ ഇലകമൺ ദേശത്ത് തേവാനം നിഷാ സദനത്തിൽ മനോജ് (45) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്.
2021ൽ അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐ.പി.സി. 376(3) വകുപ്പ് പ്രകാരം 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഐ.പി.സി. 506(ii) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. കൂടാതെ പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും പത്താം വകുപ്പ് പ്രകാരം ആറ് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
പിഴ അടയ്ക്കാത്തപക്ഷം ഓരോ വകുപ്പിനും ഒരു വർഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ഇതിന് പുറമേ അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
അയിരൂർ എസ്.ഐ. ആയിരുന്ന സുനിൽകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അയിരൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന വി.കെ. ശ്രീജേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ. ജി.വി. പ്രിയ പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി പ്രവർത്തിച്ചു.
































