കോഴിക്കോട്. വടകരയിൽ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെട്ടേറ്റു. മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിനുള്ളിൽ വെച്ചായിരുന്നു നാസറിനെ വെട്ടിയത്. കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഉടൻ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ എത്തിച്ച നാസറിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒക്ടോബർ മൂന്നിനാണ് നാസറിനെതിരായ പോക്സോ കേസിനാസ്പദമായ സംഭവം നടന്നത്. വീടിനോട് ചേർന്ന് കട നടത്തുന്ന നാസറിന്റെ കടയിൽ സാധനം വാങ്ങാനെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ വടകര പൊലീസ് നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

































