ശാസ്താംകോട്ട : ഏക്യുമെനിസം ക്രൈസ്തവർക്ക് മാത്രമല്ല മനുഷ്യർക്കും പ്രപഞ്ചത്തിലുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ പറഞ്ഞു. ലോകത്തിന് സമാധനവും ശാന്തിയും ഉണ്ടാക്കുകയാണ് എക്യൂമെനിസത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടക്കുന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ത്രൈവാർഷിക അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവർജനത്തിനെതിരായ നമ്മുടെ പ്രവർത്തനം ഉപരിപ്ലവമാകാതെ കേരളത്തിലെ ക്രിസ്ത്യാനികൾ മദ്യം ഉപേക്ഷിക്കുകയാണെങ്കിൽ സംസ്ഥാനത്ത് മദ്യ ഉപയോഗം 75 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയമാണ് കേരളത്തിൻ്റെ ശാപമെന്നും
സമരമുണ്ടാക്കാനാണ് വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പോകുന്നത് എന്നും, കേരളത്തിലെ ക്രൈസ്തവർ ഒരുമിച്ച് നിന്നാൽ ഒരു രാഷ്രീയ പാർട്ടിയും നമുക്ക് മേലെ ആകില്ലന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷത്തിൻ്റെ സാക്ഷ്യരീതികൾ കാലഘട്ടത്തിനനുസരിച്ച് മാറണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മർത്തോമ സഭാധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു. കെസിസി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.
2047 ൽ ഭാരതം വികസര രാഷ്ട്രത്തിൻ്റെ പദവിയിലേക്കുയരുമ്പോൾ ക്രൈസ്തവ സഭകളുടെ ഭാവി എന്താകുമെന്ന് സഭകൾ ചിന്തിക്കണമെന്ന് കെ സി സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ വൈസ് പ്രസിഡന്റ് റവ. ഡോ. പാക്യം ടി. ശാമുവേൽ,
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാധ്യക്ഷൻ ഔഗീൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ ബിഷപ്പ് ജോസ് ജോർജ്, ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ ജെസ്‌റ്റിൻ രാജ്, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ, ബിഷപ്പ് ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. ഔസ്റ്റിൻ എം.എം. പോൾ, ബിഷപ്പ് ഡോ. ബിഷപ്പ് ജെ സുന്ദർ സിങ് കെ സി സി അസോസിയേറ്റ് സെക്രട്ടറി റവ എ ആർ നോബിൾ എന്നിവർ പ്രസംഗിച്ചു.
നാളെ രാവിലെ പ്രഭാത നമസ്കാരത്തോടെ രണ്ടാം ദിന പ്രോഗ്രാം ആരംഭിക്കും. 9.30-ന് നടക്കുന്ന സെമിനാറിന് ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ നേതൃത്വം നൽകും. 2.30-ന് പുതുതലമുറയും സഭയും എന്ന വിഷയത്തിൽ റവ. ഡോ. റ്റി ഐ. ജെയിംസ് ക്ലാസ് നയിക്കും.
രാത്രി എട്ടിന് പൗരസംഗമത്തിൽ സ്വാഗതസംഘം പ്രസിഡന്റ് ബിഷപ്പ് ജോസ് ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, പി. രാജേന്ദ്രപ്രസാദ്, പി.കെ. ഗോപൻ, രാജി പ്രസാദ് എന്നിവർ പ്രസംഗിക്കും. 8.30-ന് നടക്കുന്ന കൾച്ചറൽ പ്രോഗ്രാം ഉല്ലാസ്
കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
29-ന് രാവിലെ 8.30-ന് നടക്കുന്ന സെഷനിൽ കെസിസിയുടെ ചരിത്രം എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് ഷിബി പീറ്റർ ക്ലാസ് നയിക്കും. 11.30-ന് കെസിസിയുടെ ഐക്യദൗത്യം എന്ന വിഷയത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് 3-ന് നടക്കുന്ന ബിസിനസ് സെഷനിൽ 2026-29 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. 2.45-ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. മൂന്നിന് സമാപന സമ്മേളനം കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. നാലിന് സമാപിക്കും. 4.30-ന് പുതിയ എക്സിക്യൂട്ടീവിന്റെ ആദ്യയോഗം നടക്കുന്നതാണ്.



































