കൊച്ചി.ചേരാനലൂര്‍ ബെന്‍സ് നരഹത്യ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ കോടതി നോട്ടീസ് അയക്കും. അന്വേഷണത്തില്‍ ചട്ടംലംഘിച്ച് ഇടപ്പെട്ട വാഹനയുടമയായ ജഡ്ജിനെതിരെ നടപടിയുടനുണ്ടാകും.
ചേരാനലൂര്‍ പൊലീസിന്റെ വീഴ്ച ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഇന്നലെ തന്നെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി. വാഹനയുടമയായ ജഡ്ജിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനാണ് നീക്കം.
ലൈസന്‍സില്ലാതെ തുടര്‍ച്ചയായി വാഹനമോടിച്ചതിന്റെ തെളിവുകള്‍ സഹിതമാണ് പോലീസിന്റെ അപേക്ഷ. ചേരാനാലൂര്‍ പൊലീസിന്റെ വീഴ്ച പരിശോധിക്കാന്‍ എഡിജിപി പി. വിജയന്‍ തന്നെ നേരിട്ടെത്തി. കേസിലെ തുടരന്വേഷണം എങ്ങനെവേണമെന്നും നിര്‍ദേശം നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആര്‍. മനോജ്കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
പൊലീസ് കസ്റ്റഡിയിലുള്ള ബെന്‍സ് കാറിലും ജയബാലകൃഷ്ണന്റെ സ്‌കൂട്ടറും മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് വിശദമായി പരിശോധിച്ചു. ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. അപകടത്തിലെ അന്വേഷണത്തില്‍ ഇടപെടല്‍ നടത്തിയ ഇരിങ്ങാലക്കുട എംഎസിടി ജഡ്ജിന് വീഴ്ചപറ്റിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
പൊലീസ് സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയിരുന്നില്ല. ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കുംവിധമായിരുന്നു ജഡ്ജിന്റെ ഇടപെടലെന്നും ഹൈക്കോടതി വിലയിരുത്തി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ജില്ലാ ചുമതലയുള്ള ജസ്റ്റിസ് രജിസ്ട്രിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന നാല് ജഡ്ജിമാര്‍ എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. ജഡ്ജിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതിയും അന്വേഷണസംഘം തേടി.


































