27 C
Kollam
Saturday 24th October, 2026 | 09:16:13 AM
Home News Breaking News വേളാങ്കണ്ണിയിയില്‍ രണ്ട് സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍

വേളാങ്കണ്ണിയിയില്‍ രണ്ട് സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍

നാഗപട്ടണം. തമിഴ്നാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ എ. അജയ് (26), എ. വിശാൽ (23) എന്നിവരാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പിടിയിലായത്. കേരളത്തിൽനിന്ന് വേളാങ്കണ്ണിയിലെത്തിയ 15 അംഗ വിനോദസഞ്ചാര സംഘത്തിലുൾപ്പെട്ടവരാണ് ഇരുവരും.

പുതുക്കോട്ടയിലെ സർക്കാർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനികളാണ് പീഡനത്തിനിരയായത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ ഒരു പെൺകുട്ടി സുഹൃത്തിനൊപ്പം വേളാങ്കണ്ണിയിൽ എത്തുകയായിരുന്നു. ജോലി അന്വേഷിച്ചാണ് ഇരുവരും ഇവിടെ എത്തിയത്. പെൺകുട്ടികളിൽ ഒരാളെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബർ 18-ന് രക്ഷിതാക്കൾ പുതുക്കോട്ട പൊലീസിൽ പരാതി നൽകിയിരുന്നു.

ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി വേളാങ്കണ്ണി ബീച്ചിൽ നിന്ന പെൺകുട്ടികളെ പ്രതികൾ പ്രലോഭിപ്പിച്ച് സ്വകാര്യ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ പ്രതികൾ വീണ്ടും ഈ ലോഡ്ജ് മുറിയിലേക്ക് മടങ്ങിയെത്തി. ലോഡ്ജിന് സമീപത്ത് സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടതിനെ തുടർന്ന് സമീപവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പെൺകുട്ടികളെ പൊലീസ് മോചിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജയ്, വിശാൽ എന്നിവരെ ബുധനാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here