25.2 C
Kollam
Wednesday 5th August, 2026 | 12:31:29 PM
Home News Breaking News കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍,പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടം, 23, 537...

കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍,പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടം, 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2024 ല്‍ തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് കംപ്ലായിന്റ് അതോറിറ്റി ചെയര്‍പേഴ്സണായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2026-27 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായുള്ള തുക മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വര്‍ധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here