28.7 C
Kollam
Wednesday 28th October, 2026 | 10:02:57 PM
Home News Breaking News കിഫ്ബി ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം

കിഫ്ബി ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം

Advertisement

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സുധാപിള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം.

സാമൂഹിക ക്ഷേമവും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പിന്തുണയും ഉറപ്പാക്കുന്ന നടപടികളും മന്ത്രിസഭ പ്രഖ്യാപിച്ചു. പാലക്കാട് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും ഇളയ മകള്‍ അഖിലയ്ക്ക് ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായി. കൂടാതെ, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ തുക ഉയര്‍ത്തി ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള തുക നാല് ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായും പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേത് 6 ലക്ഷത്തില്‍ നിന്ന് 8 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

പൊലീസ് സേനയിലെ പുനഃസംഘടനയിലും നിയമനങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം 9:1 എന്നതില്‍ നിന്ന് 7:3 ആയി ഉയര്‍ത്തി. കൂടാതെ,പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്.ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാനും ധാരണയായി. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിഭര്‍ഷ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here