ബെംഗളൂരു: യെലഹങ്കയിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ തൊഴിലുടമയും പെൺകുട്ടിയുടെ പിതാവുമായ തമിഴ്‌നാട് സ്വദേശി ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി നടത്തിവരികയായിരുന്നു ആനന്ദ്. കഴിഞ്ഞ രണ്ട് വർഷമായി കിരൺ ഇവിടെ ജീവനക്കാരനായിരുന്നു. ഈ സമയത്ത് ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ പ്രണയത്തിലായി.
മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി അവധി പ്രമാണിച്ച് ബെംഗളൂരുവിലെ വീട്ടിൽ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതോടെ കിരൺ പെൺകുട്ടിയെ കാണാൻ വീട്ടിലെത്തി.
യാത്രാമധ്യേ അപ്രതീക്ഷിതമായി ആനന്ദ് വീട്ടിൽ തിരിച്ചെത്തുകയും മകൾക്കൊപ്പം കിരണിനെ കാണുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആനന്ദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അടിവയറ്റിൽ ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീണ കിരണിനെ ആനന്ദ് തന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് യെലഹങ്ക പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കിരണിൻ്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിൽ ജീവനക്കാരനാണ്.

































