പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ യുവാവ് മരിച്ചു. മേനോന്‍പാറ പരിശിക്കല്‍ എരിമിക്കാര വീട്ടില്‍ ജോസഫ് മനോഹറിന്റെ മകന്‍ ജയിംസ് രാജകുമാരന്‍ (38) ആണ് മരിച്ചത്. അക്രമത്തില്‍ വെട്ടേറ്റ ബന്ധു പ്രവീണ്‍ ചികിത്സയിലാണ്.
വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ ഉണ്ടായ വഴക്കിന് ശേഷം രാത്രി 10.30 ഓടെ പ്രവീണിന്റെ വീട്ടിലേക്ക് ബൈക്കിലെത്തിയ ജയിംസ് രാജകുമാരന്‍ വടിവാള്‍ ഉപയോഗിച്ച് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന മുളകുപൊടി കലര്‍ന്ന വെള്ളം പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു.
ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ജെയിംസ് രാജകുമാരനെ നേരിട്ടു. ഇയാള്‍ക്ക് കനത്ത മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പ്രവീണിന്റെ കൈവശവും കൊടുവാള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടയാണ് ജയിംസ് രാജകുമാരന്‍ മരിച്ചത്. സംഭവത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൊലപാതകത്തിന് കേസെടുത്തു.
അക്രമത്തില്‍ ഇടതുകവിളിന് വെട്ടേറ്റ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന നാല് പേരാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ജെയിംസ് രാജകുമാരന്‍ 13ഉം പത്തും വയസ്സുള്ള രണ്ടു മക്കളെയും കൂട്ടിയാണ് പ്രവീണിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. അക്രമത്തിന് ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിപ്രകാരമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. തിരുപ്പൂരിലെ ഒരു മില്ലിലെ ജോലിക്കാരനാണ് മരിച്ച ജെയിംസ് രാജകുമാരന്‍. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയിരുന്നു. നാട്ടില്‍ ലീവിന് എത്തിയതായിരുന്നു.


































