മുംബൈ: ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ ‘സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 86,500 രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് ബൈക്ക് വിപണിയില്‍ എത്തിയത്. ബൈക്കിന് മികച്ച മൈലേജ് ലഭിക്കുമെന്നതാണ് കമ്പനിയുടെ അവകാശവാദം.
10.7 bhp കരുത്തും 10.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 124.7cc, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിന്റെ സഹായത്തോടെ ഈ ബൈക്ക് ലിറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹീറോയുടെ അവകാശവാദം. ട്രാഫിക്കില്‍ എന്‍ജിന്‍ സുഗമമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍’ ഈ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി നില, തത്സമയ മൈലേജ് വിവരം, കുറഞ്ഞ ഇന്ധന നില എന്നിവ അറിയാനുള്ള സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യത്തിനായി യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ്ങും പോര്‍ട്ടും ഇതിലുണ്ട്. സുരക്ഷയുടെ ഭാഗമായി ഹാസാര്‍ഡ് ലൈറ്റുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാഴ്ചയില്‍ കൂടുതല്‍ ഭംഗിയേകാന്‍ പുതിയ ഡ്യുവല്‍-ടോണ്‍ ഗ്രാഫിക്‌സ്, പുത്തന്‍ കളര്‍ ഓപ്ഷനുകള്‍, എക്സ്ടെക് 2.0 ബാഡ്ജിങ്, സ്റ്റിച്ചിങ് ഉള്ള ഡ്യുവല്‍-ടെക്സ്ചര്‍ സീറ്റ് എന്നിവ നല്‍കി ബൈക്കിന്റെ സ്‌റ്റൈല്‍ പുതുക്കിയിട്ടുണ്ട്.
ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ , മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ എന്നി അഞ്ചു നിറങ്ങളില്‍ പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 ലഭ്യമാണ്.






























