മലപ്പുറം∙ ഓൺലൈൻ വഴി വാങ്ങിയ സൗന്ദര്യവർധക ഫെയ്സ്‌ക്രീം ഉപയോഗിച്ചു ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്.
മലപ്പുറം അരീക്കോട് സ്വദേശിയായ
17 വയസ്സുകാരിക്കു വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. സൗന്ദര്യവർധക ക്രീമിലെ അമിതമായ മെർക്കുറി അംശം മൂലം മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗം ബാധിച്ച പെൺകുട്ടിയാണു മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ അപകടനില തരണം ചെയ്തത്. അരീക്കോട് സ്വദേശിനി നിലവിൽ നെഫ്രോളജി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയിൽ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശരീരത്തിൽ നീരും കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് ഇവരെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനകളിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തി. ഇതു ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്തുന്നതിനായി നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ.എസ്.ഗൗരി നടത്തിയ അന്വേഷണത്തിലാണ് ഇവർ ഉപയോഗിച്ചിരുന്ന സൗന്ദര്യ വർധക ക്രീമാണെന്നു തിരിച്ചറിഞ്ഞത്. ഇവർ ഉപയോഗിച്ചിരുന്ന അതേ ഫെയർനെസ് ക്രീം കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ 1.25% മെർക്കുറി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയെന്ന് ആശുപത്രി സിഒഒ സി.വി.റോബിൻ, ഡോ.എസ്.ഗൗരി, സിഎംഎസ് ഡോ.സഹീർ കൊയപ്പൊത്തൊടിക എന്നിവർ പറഞ്ഞു. സംഭവത്തിൽ കർശന പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
































