27.8 C
Kollam
Sunday 4th October, 2026 | 09:29:03 PM
Home News Breaking News നന്ദകുമാറിന്‍റെ മലപ്പുറം വിദ്വേഷ പരാമർശം തള്ളാതെ പിണറായി, പരാമർശം ജാഗ്രതാ നിർദ്ദേശം മാത്രമെന്ന് വിശദീകരണം; യുഡിഎഫ്...

നന്ദകുമാറിന്‍റെ മലപ്പുറം വിദ്വേഷ പരാമർശം തള്ളാതെ പിണറായി, പരാമർശം ജാഗ്രതാ നിർദ്ദേശം മാത്രമെന്ന് വിശദീകരണം; യുഡിഎഫ് സർക്കാരിനും പൊലീസിനും രൂക്ഷവിമർശനം

മലപ്പുറം: മുതിർന്ന നേതാവും മുൻ എം എൽ എയുമായ പി നന്ദകുമാറിന്റെ വിവാദമായ മലപ്പുറം വിദ്വേഷ പ്രസംഗത്തെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പുറമെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും, അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്നാണ് പിണറായിയുടെ വിശദീകരണം.

Also Read: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച,മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തതെന്ന് സുരേഷ് ഗോപി

നന്ദകുമാറിന്‍റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. മലപ്പുറത്ത് സംഘടിപ്പിച്ച സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പിണറായി, നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

യു ഡി എഫിനും പൊലീസിനും രൂക്ഷവിമർശനം

സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിനെയും അവരുടെ നയങ്ങളെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഭരണത്തിൽ വന്നതുമുതൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സമീപനവും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേന്ദ്രം വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽ ഡി എഫ് അതിനെതിരെ കോടതിയെ സമീപിച്ചുവെന്നും, എന്നാൽ ലീഗ് മന്ത്രിയുടെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ ബോർഡ് പിരിച്ചുവിടാനാണ് കോടതിയിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന എൽ ഡി എഫ് സർക്കാരിന്‍റെ ഉറച്ച നിലപാടിൽ നിന്ന് വിപരീതമായി യു ഡി എഫ് ഇപ്പോൾ കള്ളക്കളി നടത്തുകയാണെന്നും പിണറായി ആരോപിച്ചു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം നടന്ന സംഘർഷത്തിൽ പൊലീസിനും യൂത്ത് കോൺഗ്രസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിണറായി ഉന്നയിച്ചത്. സാധാരണയായി പ്രതിഷേധങ്ങൾ രക്തസാക്ഷി സ്ക്വയറിലോ ആശാൻ സ്ക്വയറിലോ നിന്നാണ് ആരംഭിക്കാറുള്ളതെങ്കിൽ, ഇത്തവന യൂത്ത് കോൺഗ്രസ് മനഃപൂർവ്വം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമാക്കി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് തീപ്പന്തവും കല്ലുകളും എറിഞ്ഞപ്പോൾ, ആക്രമണം തടയേണ്ട പൊലീസ് ഹോസ്റ്റലിനകത്ത് കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ അടക്കം തല തല്ലിപ്പൊളിക്കുകയുമാണുണ്ടായത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറിയതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ശ്രമിച്ച ആംബുലൻസുകൾ പോലും യൂത്ത് കോൺഗ്രസുകാർ തടഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. ഇത്തരം അടിയന്തര സാഹചര്യത്തിൽ കൃത്യമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, യു ഡി എഫ് ഭരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നതെന്നും പിണറായി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here