കൊല്ലം: ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍താരത്തിന്റെ കിക്ക് തലയ്ക്ക് ഗുരുതരമായി ഏറ്റ 18കാരനായ അര്‍ജന്റീനന്‍ താരം അബെല്‍ നൂനസ് മരിച്ചു. എഫ്‌സി എസെയ്സയും ഡിപോര്‍ട്ടീവോ മുനിസും തമ്മില്‍ നടന്ന അഞ്ചാം ഡിവിഷന്‍ മത്സരത്തിനിടെയാണ് ദാരുണ സംഭവം.
ഹോസെ സി പാസിലെ ക്ലബ് അത്‌ലറ്റിക്കോ ലാ സോണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ പന്ത് ക്ലിയര്‍ ചെയ്യാനുള്ള മുനിസ് താരത്തിന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. നാലോ അഞ്ചോ മീറ്റര്‍ അകലെ നിന്നിരുന്ന നൂനസിന്റെ തലയ്ക്കാണ് കിക്ക് ഏറ്റത്. ഉടന്‍ മൈതാനത്ത് കുഴഞ്ഞുവീണ താരത്തിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചു. തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ചയാണ് താരത്തിന്റെ മരണം എഫ്‌സി എസെയ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. ക്ലബിന്റെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ നൂനസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ക്ലബ് ഹൃദയഭേദകമായ കുറിപ്പും പ്രസിദ്ധീകരിച്ചു.
ഒട്ടേറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്ന യുവതാരത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡിപോര്‍ട്ടീവോ മുനിസും താരത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എഫ്‌സി എസെയ്സിലെ അംഗങ്ങള്‍ക്കും അനുശോചനം അറിയിച്ചു.




























