കണ്ണൂർ: ഭർത്താവിനെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പയ്യാവൂർ സ്വദേശി ജാൻസി, സുഹൃത്ത് ജോബി ജെയിംസ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 നവംബർ എട്ടിനാണ് തോണിപ്പാറക്കൽ ബാബുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.
രാവിലെ ഏഴോടെ ജാൻസിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ബാബുവിനെ വീട്ടിലെ ഹാളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുണ്ട് മുറുകിയാണ് മരണമെന്ന് വ്യക്തമായി. ഇതോടെ കേസ് കൊലപാതകമായി മാറ്റി.
ജാൻസിയും ഓട്ടോ ഡ്രൈവറായ ജോബി ജെയിംസും തമ്മിലുള്ള ബന്ധത്തെ ബാബു എതിർത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവസമയത്ത് സ്വന്തം വീട്ടിലായിരുന്നുവെന്ന ജാൻസിയുടെ വാദവും ജോബിയെ അറിയില്ലെന്ന വാദവും പ്രോസിക്യൂഷൻ ശാസ്ത്രീയ, സാഹചര്യ തെളിവുകളിലൂടെ ഖണ്ഡിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും അത് പകർത്തിയ സ്റ്റുഡിയോ ഉടമയുടെ മൊഴിയും കേസിൽ നിർണായകമായി.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാറും അഡ്വ. ഇ. ജയറാംദാസും ഹാജരായി.




























