27.7 C
Kollam
Wednesday 18th November, 2026 | 08:09:59 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ ബുധനാഴ്‌ച, 2026 നവംബർ 18

പത്രം മലയാള ദിനപത്രങ്ങളിലൂടെ ബുധനാഴ്‌ച, 2026 നവംബർ 18

Advertisement

ബില്‍ക്കിസ് ബാനോ കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടു

സുപ്രീം കോടതി വിധിക്കു പിന്നാലെ സുരക്ഷാഭീതിയെത്തുടര്‍ന്ന് ബില്‍ക്കിസ് ബാനോ കുടുംബത്തോടൊപ്പം ഗുജറാത്ത് വിട്ടു. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ 2 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ബില്‍ക്കിസും കുടുംബവും സംസ്ഥാനം വിട്ടത്. ജാമ്യം നല്‍കിയ ഉത്തരവ് ഭയവും ഞെട്ടലും ഉണ്ടാക്കിയതായും കുടുംബത്തിന്റെ ആശങ്ക തിരിച്ചുകൊണ്ടുവന്നെന്നും നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുകയാണെന്നും ബില്‍ക്കിസ് ബാനോ പ്രതികരിച്ചു.

ശബരിമലയെ ആധുനിക തീര്‍ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി.ഡി.സതീശന്‍

ശബരിമലയെ തിരുപ്പതി മാതൃകയില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള, ഉയര്‍ന്നതലത്തിലുള്ള പ്രൊഫഷണലായ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഈ സീസണ്‍ കഴിഞ്ഞ ഉടന്‍ തന്നെ യോഗം ചേര്‍ന്ന് പദ്ധതിയുടെ നടപടികള്‍ ആരംഭിക്കും. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു ശതമാനം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങള്‍ വരുന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടന കാലത്ത് പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമം: മന്ത്രി കെ. മുരളീധരന്‍

ശബരിമല തീര്‍ത്ഥാടന കാലത്ത് ബോധപൂര്‍വ്വം പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തില്‍ പോലും മായം ചേര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. കച്ചവട താല്‍പര്യക്കാരാണ് ഇതിന് പിന്നിലെന്നും ഇന്റലിജന്‍സിനോട് വിഷയം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിത്തമാണ് ‘ക്വാഡ്’: പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ക്വാഡ്’ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകവും വിശ്വസ്തവുമായ ഒരു പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടയിലാണ് മോദിയുടെ പരാമര്‍ശം. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷ, വാണിജ്യം, സാങ്കേതികവിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഉച്ചകോടി കൈക്കൊണ്ടു. മോദിയെ കൂടാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബേനിസ്, ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈചി എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

കരുത്തനായ നേതാവ്; മോദിയെ ‘ടഫ് മാന്‍’ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും ബഹുമാനിക്കുന്ന കരുത്തനായ നേതാവെന്ന് ക്വാഡ് വേദിയില്‍ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നയതന്ത്ര നിലപാടുകളിലും രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും മോദി പുലര്‍ത്തുന്ന ദൃഢതയെയും കാര്‍ക്കശ്യത്തെയും സൂചിപ്പിച്ച് ‘ടഫ് മാന്‍’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫിന്റെ പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍

കുല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതിനൊപ്പം ഡ്യൂട്ടി സമയത്തെ മൊബൈല്‍ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

കരുവന്നൂര്‍ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. എ ജെ പോള്‍സന്റെ ഹര്‍ജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോള്‍സണ് ബാങ്ക് അനുവദിച്ചത്. വ്യാജരേഖയില്‍ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു.

വി.ഡി. സതീശൻ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത് 15,627 സമൂഹമാധ്യമ പോസ്റ്റുകള്‍

വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തു. നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്. സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

അഴിമതിയിലും മറ്റ് കേസുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. ബാലഗോകുലത്തിന്റെ മയില്‍പീലി പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം ശക്തമായി അപലപിച്ചു. മറ്റ് സംഘടനകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ബാലഗോകുലത്തോട് മാത്രം വിവേചനം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ വൈദ്യുതി കരാറുകളില്‍ കോടികളുടെ അഴിമതി: സി.പി.എം

യുഡിഎഫ് സര്‍ക്കാരിന്റെ രണ്ട് വൈദ്യുതി കരാറുകളില്‍ കോടികളുടെ അഴിമതി നടന്നതായി സിപിഎം. ടെന്‍ഡറോ അനുമതിയോ ഇല്ലാതെ മുഖ്യമന്ത്രി നേരിട്ടാണ് ഇതിന് ഉത്തരവ് നല്‍കിയതെന്നും സിപിഎം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

സി.പി.എം ബാലരാമപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

സിപിഎം ബാലരാമപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്. സമരക്കേസുകള്‍ക്കും ജാമ്യമില്ലാ കേസുകള്‍ക്കും പുറമെ നാല് ക്രിമിനല്‍ കേസുകള്‍ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂര്‍ പൊലീസിന്റെ നടപടി.

ചാല സ്വര്‍ണ കവര്‍ച്ച കേസ്: മുഖ്യപ്രതി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തി

ചാല സ്വര്‍ണ കവര്‍ച്ച കേസില്‍ മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തി പോലിസ്. പൂജപ്പുര മുടവന്‍മുകള്‍ ഉള്ള വീടിന്റെ പിന്‍വശത്തായാണ് നാല് പവന്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതോടുകൂടി കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

കോവളം സ്പാ പീഡനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കോവളത്തെ സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മാറനല്ലൂര്‍ കൂവളശ്ശേരി കൈപ്പളളികോണത്ത് വീട്ടില്‍ മണ്‍വീട് എന്ന ആയൂര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് നടത്തുന്ന ഡോ. മനീഷ് എന്നു വിളിക്കുന്ന ഷിബുവിനെ(48) പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. ഇതോടെ കോവളം സ്പാ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കോവളത്തുളള ഡാലിയ എന്ന ഹോംസ്റ്റേയില്‍ വെച്ചാണ് ഷിബു കുട്ടിയെ പീഡിപ്പിച്ചത്. നാലുതവണ ഇയാള്‍ ഹോംസ്റ്റേയിലെത്തിയിരുന്നുവെന്നും പീഡനം നടത്തിയിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു രാജിപ്രഖ്യാപനം നടത്തി

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ് ബി രാജു രാജി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ മുന്‍കൂട്ടിയുള്ള ധാരണ പ്രകാരമാണ് ഈ മാറ്റമെന്നാണ് സിപിഎം വിശദീകരിക്കുന്നത്. പുതിയ പ്രസിഡന്റായി വി പൊന്നുകുട്ടന്‍ ചുമതലയേല്‍ക്കാനാണ് സാധ്യത.

എസ്.എഫ്.ഐക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം

എസ്എഫ്ഐക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിലാണ് പ്രമേയം പാസ്സാക്കിയത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരമെന്നാണ് പ്രമേയം.

സാമ്പത്തിക തട്ടിപ്പ് കേസ്: തിരുവനന്തപുരം ഡി.സി.സി അംഗം അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരുവനന്തപുരം ഡിസിസി അംഗം അറസ്റ്റില്‍. ഡോക്ടറുടെ പക്കല്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പിടിയിലായത്. ആശുപത്രിക്കെതിരെ വ്യാജവാര്‍ത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസിലും സുഹൈല്‍ ഷാജഹാന്‍ പ്രതിയാണ്.

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും മരിച്ചു

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു. ഭര്‍ത്താവും മക്കളുമൊത്ത് നവംബര്‍ 13 ന് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം പൂന്തുറ ആലുകാട് കുന്നില്‍വീട്ടില്‍ അഞ്ജലി (24), ഒരുവയസ്സുള്ള മകന്‍ ആഷിക് എന്നിവരാണ് മരിച്ചത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ അഞ്ജലിയുടെ ഭര്‍ത്താവ് പ്രശാന്ത് (26) ചികിത്സയിലാണ്. നാലുവയസ്സുകാരി മകള്‍ കൃതികയ്ക്കു തലയ്ക്കു പരിക്കേറ്റെങ്കിലും ഗുരുതരമല്ല.

വടക്കേ ഇന്ത്യയിലെ വായുമലിനീകരണം: ദക്ഷിണേന്ത്യയിലേക്ക് ചേക്കേറാന്‍ അക്കാദമിക് വിദഗ്ധര്‍

വടക്കേ ഇന്ത്യയിലെ അതിരൂക്ഷമായ വായുമലിനീകരണം കാരണം അക്കാദമിക് വിദഗ്ധര്‍ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറാന്‍ ആലോചിക്കുന്നു. കുറഞ്ഞ ശമ്പളമാണെങ്കിലും കുടുംബത്തിന്റെ ആരോഗ്യത്തിന് ഇവര്‍ മുന്‍ഗണന നല്‍കുന്നു. മുന്‍ പ്രൊഫസറുടെ ലിങ്ക്ഡ്ഇന്‍ കുറിപ്പാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം പൂര്‍ത്തിയായ ഉത്തര്‍പ്രദേശില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 18.84 ലക്ഷം പേരാണ് കരട് പട്ടികയില്‍ അധികമായി ഇടംപിടിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 13.58 കോടി കടന്നു.

അമിതാഭ് ബച്ചന് ഖലിസ്ഥാന്‍ അനുകൂലി ഗുര്‍പത്വന്ത് സിങ് പന്നൂന്റെ ഭീഷണി

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് നിരോധിത വിഘടനവാദ സംഘടനയായ ‘സിഖ്സ് ഫോര്‍ ജസ്റ്റിസ്’ തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂനില്‍ നിന്ന് ഭീഷണി. നവംബര്‍ 19-നും 27-നും ഇടയില്‍ മുംബൈയിലെ ബച്ചന്റെ വസതിയായ ‘ജല്‍സ’യ്ക്ക് മുന്നില്‍ തടിച്ചുകൂടാന്‍ പന്നൂന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തതായി വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു.

സോണിയ-രാജീവ് സ്നേഹബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശര്‍മ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ സോണിയ-രാജീവ് സ്നേഹബന്ധത്തെ കുറിച്ച് രാഹുല്‍ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി നേതാവും അസ്സം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ രാജീവ് ഗാന്ധിയുടെ മടിയില്‍ സോണിയ ഇരിക്കുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഇത് സോണിയയെ അപമാനിക്കുന്ന തരത്തിലാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

രാഹുല്‍ ഗാന്ധിയുടെ മറുപടി

രാജീവ് – സോണിയ സ്‌നേഹബന്ധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് സംഘങ്ങള്‍ നടത്തുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി. ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവികളുടെ മനസ്സില്‍ ഭയവും കോപവും വെറുപ്പും വലകെട്ടിയിരിക്കുകയാണെന്നും, അതാണ് സ്‌നേഹം അനുഭവിക്കുന്നതില്‍ നിന്നും പ്രകടിപ്പിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ശിവന്റെ മടിയില്‍ പാര്‍വ്വതി ഇരിക്കുന്ന ശില്‍പത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പോസ്റ്റ്.

അതിര്‍ത്തിക്കുള്ളിലേക്ക് കടന്ന ഇന്ത്യന്‍ ജവാനെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തു

ബംഗ്ലാദേശ് അതിര്‍ത്തിക്കുള്ളിലേക്ക് അബദ്ധത്തില്‍ കടന്ന ജവാനെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തു. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികന്‍ അതിര്‍ത്തിരേഖ മറികടന്നത്. ഉടനെ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അദ്ദേഹത്തെ മാതൃരാജ്യത്തേക്ക് കൈമാറാനാണ് ശ്രമം.

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി അധ്യക്ഷന്‍ നഹീദ് ഇസ്ലാമിന് സ്വീകരണം നല്‍കുന്നതിനിടെ ലണ്ടനിലെ റോംഫോര്‍ഡില്‍ അവാമി ലീഗ് പ്രവര്‍ത്തകരും നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഖ്വെഷം ദ്വീപിനുനേര്‍ക്ക് വീണ്ടും യു.എസ് ആക്രമണം

ഹോര്‍മുസ് കടലിടുക്കിലുള്ള ഇറാന്റെ ഖ്വെഷം ദ്വീപിനുനേര്‍ക്ക് വീണ്ടും ആക്രമണം നടത്തി യുഎസ്. ഈ ആക്രമണത്തില്‍ താമസ സ്ഥലങ്ങള്‍ക്കോ വാണിജ്യ അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ മേഖലകള്‍ക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. അമേരിക്കന്‍ ആക്രമണത്തിന് തൊട്ടുമുമ്പ് ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കൂടുതല്‍ ശക്തമാവുകയാണ്.

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ട സംഭവത്തില്‍ ഭീഷണി ഒഴിഞ്ഞു

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടന ശബ്ദങ്ങള്‍ കേട്ട സംഭവത്തില്‍ ഭീഷണി ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇന്നലെയുണ്ടായ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിലവില്‍ ഭീഷണി ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റഷ്യന്‍ സൈനിക ചരക്ക് വിമാനം തകര്‍ന്നുവീണ് 17 മരണം

റഷ്യന്‍ സൈനിക ചരക്ക് വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 17 പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കെമെറോവോ മേഖലയില്‍ യാഗുനോവോ ഗ്രാമത്തിന് സമീപം ഒരു വയലിലാണ് ഇന്നലെ രാത്രി വിമാനം തകര്‍ന്നുവീണത്.

ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എം.എസ്. ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ഇനി ചെന്നൈയുടെ തലയായി മൈതാനത്ത് അയാളുണ്ടാകില്ല. 18 വര്‍ഷത്തെ ഐപിഎല്‍ കരിയറിനാണ് ധോനി വിരാമമിട്ടത്. എന്നാല്‍ ചെന്നൈയുടെ മെന്ററായി ടീമിനൊപ്പം ധോനിയുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്മെന്റ് ഇക്കാര്യം പുറത്തുവിട്ടത്. അഞ്ച് തവണയാണ് ധോനിയുടെ നായകത്വത്തില്‍ ചെന്നൈ കിരീടം നേടിയത്. അഞ്ച് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.

ധോണിയുടെ വിരമിക്കലില്‍ വൈകാരിക കുറിപ്പുമായി റുതുരാജ് ഗെയ്കവാദ്

എം എസ് ധോണിയുടെ വിരമിക്കലിന് പിന്നാലെ വൈകാരിക കുറിപ്പുമായി സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ്. ധോണി എന്നും തങ്ങളുടെ നായകനായിരിക്കുമെന്നും അദ്ദേഹത്തിന്റെ ലാളിത്യം വലിയ സ്വാധീനം ചെലുത്തിയെന്നും ഗെയ്ക്വാദ് പറഞ്ഞു. 2008ലെ പ്രഥമ ഐപിഎല്‍ ലേലത്തില്‍ ധോനിയെ ഫ്രാഞ്ചൈസിയിലേക്ക് കൊണ്ടുവരാനുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് ഫ്രാഞ്ചൈസി ഉടമ എന്‍. ശ്രീനിവാസനും പറഞ്ഞു.

ഐ.പി.എല്‍ ട്രേഡിങ്: രാജസ്ഥാന്‍ റോയല്‍സിലേക്ക് മുഹമ്മദ് ഷമിയും എം. സിദ്ധാര്‍ത്ഥും

ഐപിഎല്‍ ട്രേഡിങ്ങിലൂടെ മുഹമ്മദ് ഷമിയും എം സിദ്ധാര്‍ത്ഥും രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറി. പകരമായി ഇംഗ്ലണ്ട് താരം സാം കറന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിലെത്തി. പ്രതിഫലം പത്ത് കോടിയില്‍ നിന്ന് എട്ട് കോടിയായി കുറച്ചാണ് ഷമി രാജസ്ഥാനില്‍ എത്തുന്നത്.

അണ്ടര്‍ 23 വനിതാ ട്വന്റി 20: കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം

അണ്ടര്‍ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 128 റണ്‍സെടുത്തപ്പോള്‍, മഹാരാഷ്ട്ര 17.2 ഓവറില്‍ ലക്ഷ്യം കണ്ടു.

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് പത്താം കിരീടം

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് പത്താം കിരീടം. ഫൈനലില്‍ പാകിസ്താനെ 2-1 ന് കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ഇന്ത്യയുടെ കിരീട വിജയം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ സാഫ് കിരീടത്തില്‍ മുത്തമിടുന്നത്.

സ്വര്‍ണ്ണവിലയില്‍ വന്‍ വീഴ്ച; ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി

റെക്കോര്‍ഡ് കുതിപ്പിനു ശേഷം സ്വര്‍ണ്ണവിലയില്‍ വന്‍ വീഴ്ച. ഒരു പവന്‍ സ്വര്‍ണ്ണ വില 99,760 രൂപയിലേക്കാണ് താഴ്ന്നത്. എഴുപത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,470 രൂപയിലെത്തി. 239 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ഡോളര്‍ ശക്തി പ്രാപിച്ചതോടെ സ്വര്‍ണ്ണത്തില്‍ നിന്ന് നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ചതാണ് വില ഇടിയാനുള്ള പ്രധാന കാരണം. അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്നതോടെ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്താനുമുള്ള സാധ്യത ഡോളറിന് അനുകൂലമാണ്.

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ജെ.എസ്.ഡബ്ല്യു മോട്ടോഴ്‌സ്

ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പുതിയ കാര്‍ ബ്രാന്‍ഡുമായി പ്രവേശിക്കാനൊരുങ്ങുകയാണ് ജെഎസ്ഡബ്ല്യു. ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഡിസംബര്‍ 3ന് പുതിയ പാസഞ്ചര്‍ വാഹന നിര അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ആദ്യ എസ്യുവി കോംബാറ്റ് എന്ന പേരില്‍ വിപണിയിലെത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന ജെറ്റൂര്‍ ടി2 അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്യുവി നിര്‍മിക്കുക. ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറിയുമായി സഹകരിച്ചാണ് ജെഎസ്ഡബ്ല്യു ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന കോംബാറ്റിന് ഫുള്‍ ടാങ്കില്‍ ഏകദേശം 1,100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലീസിനൊരുങ്ങി ‘കോസ്മിക് സാംസണ്‍’

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസണ്‍. ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ചിത്രം തിയറ്ററില്‍ എത്താന്‍ ഇനി വെറും 10 ദിവസം മാത്രമാണ് ബാക്കി. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നംവബര്‍ 27ന് ചിത്രം തിയറ്ററില്‍ എത്തും.

ഐ.എഫ്.എഫ്.കെയിലേക്ക് സജിന്‍ ബാബുവിന്റെ ‘തര്‍ക്കം’

ദേശീയ അവാര്‍ഡ് ജേതാവായ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തര്‍ക്കം എന്ന ചിത്രം മുപ്പത്തിയൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ഇതുവരെ ചെയ്ത സിനിമകളുടെ മേക്കിങ് പ്രോസസില്‍ നിന്നും വ്യത്യസ്ഥമായി കൊടുങ്ങല്ലൂര്‍ ഭരണിയുടെ പശ്ചാത്തലത്തില്‍ ചെയ്ത ഈ ചിത്രം വ്യക്തിപരമായി സംതൃപ്തി നല്‍കിയ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. അതിനായി രാപകിലില്ലാതെ ആത്മാര്‍ത്ഥമായി കൂടെ സഹകരിച്ച എല്ലാവരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു,’ സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു.

കുടലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട പഴങ്ങള്‍

ആരോഗ്യകരമായ ഭക്ഷണക്രമം കുടലിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയതാണ് ഓറഞ്ച്. ഇവ മലബന്ധത്തെ ചെറുക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആപ്പിള്‍ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ചര്‍മ്മ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്ത് ചുളിവുകളുണ്ടാക്കാം. അതിനാല്‍ ഇവ ഒഴിവാക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കഫീനിന്റെ അമിത ഉപയോഗവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

LEAVE A REPLY

Please enter your comment!
Please enter your name here