തിരുവനന്തപുരം:ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ, മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി ഗവർണർ ഓം പ്രകാശ് മാത്തൂർ ഉത്തരവായി.
അഴിമതി നിരോധന നിയമപ്രകാരം (Prevention of Corruption Act 17A) മുൻ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവർണർ അനുമതി നൽകിയത്.
വി. അബ്ദുറഹ്മാന് പുറമേ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ശരിയായ ടെൻഡർ നടപടികൾ പാലിക്കാതെ സ്വകാര്യ കമ്പനിക്ക് സ്പോൺസർഷിപ്പ് കരാർ നൽകിയതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ കൂട്ടുനിന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.





























