പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികളടക്കം പങ്കെടുത്ത ആലുവയിലെ ഹാലോവീന്‍ പാര്‍ട്ടിയില്‍ രാസലഹരിയെത്തിച്ചതില്‍ അന്വേഷണം. ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ മുഖ്യ സംഘാടകന്‍ അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ടാംപ്രതിയായ പത്തൊന്‍പതുകാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോക്‌സോ കോടതി നാളെ വിധി പറയും.
ആലുവയിലെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഹാലോവീന്‍ പാര്‍ട്ടിയില്‍ രാസലഹരിയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. 21 വയസില്‍ താഴെയുള്ളവര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ വന്‍തോതില്‍ മദ്യം വിളമ്പിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് പുറമെ വിദേശതത്ത് നിന്ന ഇറക്കുമതി ചെയ്ത മദ്യവും പാര്‍ട്ടിക്ക് എത്തിച്ചിരുന്നുവെന്നാണ് വിവരം. ഇത് ആര് നല്‍കി എന്നതടക്കം കണ്ടെത്തണം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പാര്‍ട്ടിക്ക് എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ഒരു പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ഇതിന്റെ ദൃശ്യങള്‍ സഹിതമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.
അറസ്റ്റ് നടപടിക്രമങ്ങളിലടക്കം വീഴ്ച സംഭവിച്ചതിനാല്‍ ജാമ്യം നല്‍കണമെന്ന അലക്‌സിന്റെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് രണ്ട് ദിവസം കസ്റ്റഡി അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കേസില്‍ പതിനേഴുകാരിയുടെ കൂട്ടുകാരിയായ പത്തൊന്‍പതുകാരിയെയും പ്രതി ചേര്‍ത്തിരുന്നു. പെണ്‍കുട്ടിയെ പാര്‍ട്ടിക്ക് കൊണ്ടുപോയത് പത്തൊന്‍പതുകാരിയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയത്. പതിനേഴുകാരിയുടെ മാതാപിതാക്കളാണ് മൊഴി നല്‍കിയത്. ഇത് തെറ്റാണെന്നും പെണ്‍കുട്ടി സ്വമേധയാ പാര്‍ട്ടിക്കെത്തിയെന്നുമാണ് വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.





























