തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ അന്വേഷണ സംഘത്തിന് (എസ് ഐ റ്റി) കൃത്യമായ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത്.
ലഭ്യമായ ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻ മന്ത്രി അബ്ദുറഹ്മാനെ ഉടൻ തന്നെ ചോദ്യം ചെയ്യും. കേസിൽ അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെയും മൊഴികൾ എസ് ഐ റ്റി രേഖപ്പെടുത്തിയിരുന്നു. മെസിയെ കൊണ്ടുവരാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നും, പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് വിവരം നൽകിയിട്ടും മന്ത്രി അത് ഗൗനിച്ചില്ലെന്നുമാണ് സ്റ്റാഫുകൾ നൽകിയ മൊഴി.
വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. കേസിലെ പ്രധാന സ്പോൺസറായ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും എസ് ഐ റ്റി ഊർജ്ജിതമാക്കിയിട്ടുണ്ട്.


































