29.5 C
Kollam
Monday 9th November, 2026 | 03:57:22 PM
Home News Breaking News കാൻസർ മരുന്നുകൾക്ക് വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ; 96.45 ശതമാനം വരെ ഇളവ്

കാൻസർ മരുന്നുകൾക്ക് വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ; 96.45 ശതമാനം വരെ ഇളവ്

Advertisement

ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ വിലയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ 1,364 കാൻസർ മരുന്നുകളുടെ പുതുക്കിയ വിലയാണ് നിലവിൽ വന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻ.പി.പി.എ 137 കാൻസർ മരുന്നുകൾക്കാണ് ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ ബ്രാൻഡഡ് മരുന്നുകളുടെ വില കുറച്ചു. 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എൻ.പി.പി.എയാണ് വിലനിയന്ത്രണം നടപ്പാക്കിയത്. കാൻസർ ചികിത്സ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കുകയാണ് ലക്ഷ്യം. നവംബർ എട്ട് വരെയുള്ള കണക്കനുസരിച്ച് 85 ഔഷധ നിർമാണ കമ്പനികൾ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

20ലധികം കാൻസർ വിഭാഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ

ഇമ്മ്യൂണോതെറാപ്പി ഉൾപ്പെടെ 20ലധികം തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഡെനോസുമാബ്, പെഗ്ഫിൽഗ്രാസ്റ്റിം, ബെവാസിസുമാബ്, പെംബ്രോളിസുമാബ്, ദുര്‍വാലുമാബ്, ഒസിമെർട്ടിനിബ് തുടങ്ങിയ മരുന്നുകൾക്കും വിലക്കുറവ് ബാധകമാണ്.

പുതിയ വില എങ്ങനെ അറിയാം?

പുതുക്കിയ വിലയേക്കാൾ ഉയർന്ന തുകയ്ക്ക് മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രി ഫാർമസികൾക്കും മരുന്നുകൾ വിൽക്കാനാകില്ല. മരുന്നിന്റെ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില (എം.ആർ.പി) പരിശോധിച്ച് ഉപഭോക്താക്കൾക്ക് വില ഉറപ്പാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here