നഗോയ: നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ ഹീറ്റിസിൽ ആറാം സ്ഥാനക്കാരനായാണ് ഫൈനലിൽ പ്രവേശിച്ചത്. 2:00.94 ആണ് സമയം. ഇന്ന് ഉച്ചയ്ക്ക് 2.51നാണ് ഫൈനൽ മത്സരം.
നാലാമത്തെ ഗെയിംസിലാണ് സജൻ പ്രകാശ് പങ്കെടുക്കുന്നത്. 2014 മുതൽ തുടർച്ചയായി ഇന്ത്യയ്ക്കായി ഇറങ്ങുന്നു. 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്‌ളൈയിലാണ് മത്സരിക്കുന്നത്. ഇതുവരെ മെഡൽ നേടാനായിട്ടില്ല. 200 മീറ്ററിൽ കഴിഞ്ഞ രണ്ടുതവണയും അഞ്ചാമതാണ്.
2016ൽ റിയോവിലും 2020ൽ ടോക്യോയിലും ഒളിമ്പിക്‌സിൽ നീന്തിയിരുന്നു. അഞ്ച് ദേശീയ ഗെയിംസിലായി 15 സ്വർണമടക്കം 30 മെഡലുണ്ട്. ഏഷ്യൻ നീന്തൽ ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുണ്ടായിരുന്നു. കഴിഞ്ഞവർഷം ലോക പൊലീസ് മീറ്റിൽ ഏഴ് സ്വർണമടക്കം 10 മെഡലുമായാണ് മടങ്ങിയത്. കേരള പൊലീസിൽ അസി. കമാൻഡന്റാണ് ഇടുക്കി തൊടുപുഴ സ്വദേശിയായ സജൻ പ്രകാശ്.






























