26.8 C
Kollam
Thursday 19th November, 2026 | 07:07:08 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 19 | വ്യാഴം 1202 |...

ചൈനയിൽ ഇന്ന് ത്രിശക്തി സംഗമം; ട്രംപും ഷീജിൻപിങ്ങും പുടിനും ഷെൻഷനിൽ

ചൈനയില്‍ ഇന്ന് ത്രിശക്തി സംഗമം. അമേരിക്കന്‍ പ്രസിഡണ്ട് ഡൊസാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷീജിന്‍പിങ്ങും റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനും ചൈനയിലെ ഷെന്‍ഷനില്‍ ഇന്ന് നടക്കുന്ന ചരിത്ര ഉച്ചകോടിയില്‍ പങ്കെടുക്കും. അണ്വായുധനിയന്ത്രണം, യുക്രെയ്ന്‍-പശ്ചിമേഷ്യ യുദ്ധങ്ങള്‍, വാണിജ്യം-നിര്‍മിതബുദ്ധി എന്നീ വിഷയങ്ങളാണ് ഈ ത്രിമൂര്‍ത്തി സമ്മേളനത്തില്‍ ചര്‍ച്ചയാകുക. ലോകരാഷ്ട്രീയത്തിന്റെ ഭാവി തങ്ങളുടെ താല്‍പര്യമനുസരിച്ചാവുമെന്ന് വ്യംഗ്യമായി ലോകത്തോടു പറയാനാവും 3 പേരുടേയും സംയുക്ത ശ്രമമെന്നു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്ന് ആവര്‍ത്തിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുലിന്റെ പരാമര്‍ശം. രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും ഉല്‍പാദന മേഖല തകര്‍ന്നുവെന്നും വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യ ഗുരുതര പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ യോഗത്തിൽ സമവായം; പി.എസ്.സി, ദേവസ്വം ബോർഡ് നിയമന പട്ടികയായി

സംസ്ഥാന മന്ത്രിസഭാ യോഗത്തിലുണ്ടായ അതൃപ്തിയിലും എതിര്‍പ്പിലും ഒടുവില്‍ സമവായം. പി എസ് സി അംഗങ്ങളുടെ നിയമനത്തിലും ദേവസ്വം ബോര്‍ഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിലും ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിമാര്‍ ഒപ്പിട്ടു. തര്‍ക്കത്തിന് കാരണമായ വൃക്തികളുടെ പേരുകള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇവരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പിഎസ് സി പട്ടികയില്‍ നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവുമാണ് ഉണ്ടാകുക. ജി. ഗോപകുമാര്‍, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആര്‍. സനല്‍കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പ്രതിനിധികളായി വരുന്നത്. ഷാഫി ചാലിയം ആണ് മുസ്ലിംലീഗ് പ്രതിനിധി. പാലക്കാട് ഡിസിസി മുന്‍ പ്രസിഡണ്ട് സി,വി.ബാലചന്ദ്രന്‍, ശിവന്‍ പാലിയത്ത്, പി.അഭിലാഷ് എന്നിവരാണ് ഗുരുവായൂര്‍ ദേവസ്വം അംഗങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ ഭവനില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളും പദ്ധതികളും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമായെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന എൽ.പി.എസ്.ടി സമരക്കാരുടെ നിർദ്ദേശത്തിന് മന്ത്രിസഭയിൽ എതിർപ്പ്

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കണമെന്ന എല്‍പിഎസ്ടി സമരക്കാരുടെ നിര്‍ദ്ദേശത്തിന് മന്ത്രിസഭയില്‍ എതിര്‍പ്പ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിര്‍ദ്ദേശത്തെ എതിര്‍ത്തത്. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അടുത്തയാഴ്ചയിലെ ചര്‍ച്ചയില്‍ നിലപാടറിയും വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ മൂന്ന് പേർക്ക് നിയമനം നൽകാൻ തീരുമാനം

പി.എസ്.സി അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ പട്ടികയിലെ മൂന്ന് റാങ്കുകാര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരീക്ഷകള്‍ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം, മൂന്ന് കൊല്ലം റാങ്ക് ലിസ്റ്റിന് മുകളില്‍ അടയിരുന്നതല്ലാതെ കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും മന്ത്രി റോജി വിമര്‍ശിച്ചു.

മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തങ്ങളുടെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങള്‍ പറയുന്നതും തര്‍ക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല കാര്യങ്ങളിലും തര്‍ക്കമുണ്ടായെന്നും എന്നാല്‍ ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് യുഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ സംവിധാനം എന്നേ തകര്‍ന്നുപോയേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

യുഡിഎഫ് സര്‍ക്കാരിന് സംഘപരിവാര്‍ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുവ മോര്‍ച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാല്‍ കേരളത്തില്‍ ഞങ്ങളുടെ ഭരണമാണെന്നു പറയുമെന്നും വന്ദേമാതരം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല കേരളത്തിലെ സര്‍ക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി.

സർക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും കൂട്ടുത്തരവാദിത്വം നഷ്ടമായാല്‍ മാന്യമായി ചെയ്യേണ്ട കാര്യമുണ്ടെന്നും എന്നാല്‍ അതിലേക്ക് പോകണമെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി വർധിപ്പിച്ചു

മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് തുക 10 ലക്ഷംരൂപയില്‍നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വീണ്ടും ഇ.ഡി ചോദ്യം ചെയ്യൽ; മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് സമൻസ്

സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജല്‍, വാരിഷ്, നന്ദുലാല്‍, നിഖില്‍ അടക്കമുള്ളവര്‍ക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കി. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബസിൽ വേഷം മാറിക്കയറി മോഷണം; തമിഴ്‌നാട് സ്വദേശിനികൾ റാന്നിയിൽ പിടിയിൽ

കവര്‍ച്ചലക്ഷ്യമിട്ട് ബസില്‍ വേഷം മാറികയറിയ തമിഴ്‌നാട് സ്വദേശിനികളായ മോഷ്ടാക്കള്‍ പിടിയില്‍. കൊയമ്പത്തൂര്‍ കൊഴിഞ്ഞമ്പാറ സ്വദേശിനി പാര്‍വതി, തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശിനി ഗീത എന്നിവരാണ് റാന്നി പോലീസിന്റെ പിടിയിലായത്.

അനന്തരാവകാശ സർട്ടിഫിക്കറ്റുകളിൽ ‘ദത്തെടുക്കപ്പെട്ട’ എന്ന് പ്രത്യേകം ചേർക്കരുതെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ നല്‍കുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക നിയമരേഖകളില്‍ ബന്ധം രേഖപ്പെടുത്തുമ്പോള്‍ ‘ദത്തെടുക്കപ്പെട്ട മകള്‍’ എന്നോ ‘ദത്തെടുക്കപ്പെട്ട മകന്‍’ എന്നോ പ്രത്യേകമായി ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ ‘മകള്‍’ അല്ലെങ്കില്‍ ‘മകന്‍’ എന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു പ്രസവത്തിന് മുമ്പേ മരിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

മണ്ണന്തല രഞ്ജിത് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും

മണ്ണന്തല രഞ്ജിത് വധക്കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബര്‍ 17നായിരുന്നു കൊലപാതകം.

പയ്യന്നൂരിൽ എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവം; വിമർശനവുമായി സി.പി.എം ഏരിയാ കമ്മിറ്റി

പയ്യന്നൂരില്‍ നടന്ന തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ വാരാഘോഷത്തിനിടെ എം.എല്‍.എ. വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം ഏരിയാ കമ്മിറ്റി. എം.എല്‍.എ നടത്തിയത് കവല പ്രസംഗമാണെന്നും പൊതുവേദികള്‍ അലങ്കോലമാക്കുന്ന നിലപാട് തിരുത്തണമെന്നും ഏരിയ കമ്മിറ്റി അറിയിച്ചു.

ബീഹാറിൽ പട്ടാപ്പകൽ തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്ന് 40 കോടിയുടെ സ്വർണ്ണം കവർന്നു

ബീഹാറില്‍ തോക്കുചൂണ്ടി ജ്വല്ലറിയില്‍ നിന്ന് 40 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു. പശ്ചിമ ചമ്പാരന്‍ ജില്ലയിലുള്ള ബെത്തിയയിലെ ജൂവല്ലറി ഷോറൂമില്‍ നിന്ന് പട്ടാപ്പകല്‍ ആയുധങ്ങളുമായെത്തിയ എട്ടംഗ മോഷണസംഘമാണ് കോടികളുടെ മോഷണം നടത്തിയത്. മൂന്ന് ബൈക്കുകളിലായാണ് എട്ടംഗ സംഘം എത്തിയത്.

‘ഗ്രീൻ എസ്.എം’ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താൽക്കാലികമായി നിർത്തിവെച്ചു

വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ‘ഗ്രീന്‍ എസ്എം’-ന്റെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കര്‍ണാടകയില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഗതാഗതവകുപ്പ് മന്ത്രി ഭൈരതി സുരേഷാണ് ഗ്രീന്‍ എസ്എം കമ്പനിയുടെ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ നടത്തരുതെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആസിയാൻ ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യൻ പാരമ്പര്യ കലാവസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി

ആസിയാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍ക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക-കലാ പാരമ്പര്യം വിളിച്ചോതുന്ന അത്യപൂര്‍വ്വ വസ്തുക്കള്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ പശ്മിന, പട്ട് പരവാതാനികള്‍, രാജസ്ഥാനിലെ പിച്ചവായ് ചിത്രങ്ങള്‍, ഗുജറാത്തിലെ രോഗന്‍ കല തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തെ പ്രതിഫിലപ്പിക്കുന്ന സമ്മാനങ്ങളാണ് അദ്ദേഹം ലോകനേതാക്കള്‍ക്ക് നല്‍കിയത്.

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം മാറിക്കീറി; വിവാദം

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം മാറിക്കീറി. സംഭവത്തെത്തുടര്‍ന്ന് ഉദ്ധവ് താക്കറേ വിഭാഗം ശിവസേനയും കോണ്‍ഗ്രസും ബാല്‍ താക്കറെയെ അപമാനിച്ചെന്നാരോപിച്ച് ഷൈന എന്‍.സി.ക്കെതിരേ രംഗത്തെത്തി.

രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം.കെ. സ്റ്റാലിൻ

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറായില്ലെന്ന വാര്‍ത്തകള്‍ക്കിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷനും മുന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ രംഗത്ത്. ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചിരുന്നില്ലെങ്കിലും തന്റെ അസിസ്റ്റന്റിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥർ

ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്യ്ബ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍. പിടികിട്ടാപ്പുള്ളിയായ ലത്തീഫ് ഭട്ടിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബംഗാൾ ഉൾക്കടലിൽ ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അക്വാന്‍’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമായി അക്വാന്‍ ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇമ്രാൻ ഖാൻ ‘രാഷ്ട്രീയ തടവുകാരൻ’ ആണെന്ന് ബിലാവൽ ഭൂട്ടോ സർദാരി

ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു ‘രാഷ്ട്രീയ തടവുകാരന്‍’ ആണെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. കറാച്ചി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ബിലാവല്‍ ഭൂട്ടോ സ്വന്തം സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടികളെ പരസ്യമായി ചോദ്യം ചെയ്തത്.

ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഡൊണാൾഡ് ട്രംപും വ്ളാദിമിർ പുതിനും ചൈനയിലെത്തി

ചരിത്ര കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും ചൈനയിലെത്തി. ഡൊണാള്‍ഡ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഷെന്‍ഷെന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. ലോകം ഉറ്റുനോക്കുന്ന ത്രികക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മൂന്ന് നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്തു.

ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് ഇന്ന് വെല്ലിംഗ്ടണിൽ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യയും ന്യൂസിലന്‍ഡും ആദ്യ ടെസ്റ്റിന് ഇന്ന് വെല്ലിംഗ്ടണില്‍ ഇറങ്ങും. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് ആവേശം പകരുമ്പോള്‍, സ്വന്തം നാട്ടിലെ മികച്ച റെക്കോര്‍ഡിലാണ് കിവീസിന്റെ പ്രതീക്ഷ.

എം.എസ്. ധോണിയോടുള്ള ആദരസൂചകമായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസ താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐക്കോണിക് ‘ഏഴാം നമ്പര്‍’ ജേഴ്സി പിന്‍വലിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തീരുമാനിച്ചു.

2026 ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിന് ഇന്ന് ദോഹയിൽ തുടക്കം

2026 ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. 50 ഓവര്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ എട്ടുടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നവംബര്‍ 19 മുതല്‍ 29 വരെ ദോഹയിലാണ് ടൂര്‍ണമെന്റ്.

അമല മെഡിക്കൽ കോളേജിൽ ദൈവദാസൻ കനീഷ്യസ് തെക്കേക്കര സി.എം.ഐ മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

അമല മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ദൈവദാസന്‍ കനീഷ്യസ് തെക്കേക്കര സി. എം. ഐ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി. എസ് കല്യാണരാമന്‍ നിര്‍വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര സി. എം. ഐ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, എം.ജെ സിറിയക് ഐ.എ.എസ്, വെല്ലൂര്‍ സി.എം.സി മുന്‍ ഡയറക്ടര്‍ ഡോ. സുനില്‍ ചാണ്ടി, അമിറ്റി കോളേജ് പ്രൊഫസര്‍ ഡോ. എ.എം ജോസ്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി. എം. ഐ, മുന്‍ ഡയറക്ടര്‍മാരായ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി സി. എം. ഐ, ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സി. എം. ഐ, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റസി തോമസ് മുതലായവര്‍ പങ്കെടുത്തു.

റീചാർജ് പ്ലാൻ കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകളും നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി ജിയോ

റീചാര്‍ജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാല്‍ ഇന്‍കമിങ് കോളുകളും എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ. നിശ്ചിത സമയത്തിനുള്ളില്‍ റീചാര്‍ജ് പുതുക്കിയില്ലെങ്കില്‍ ഇന്‍കമിങ് കോളുകള്‍ ലഭിക്കുന്നത് തടസ്സപ്പെടുമെന്നാണ് ചില ഉപയോക്താക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലുള്ളത്. ഇതോടെ ജിയോ വരിക്കാര്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചകളും ശക്തമായി.

ഗൂഗിൾ സെർച്ചിൽ വൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ; ജെമിനി 4 ഹൈഡ്രജന്റെ കരുത്തിൽ പുതിയ അപ്ഡേറ്റ്

സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ കൃത്യവും വേഗത്തിലുള്ളതുമായ മറുപടികള്‍ നല്‍കാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍. പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്റെ കരുത്തിലാണ് സെര്‍ച്ചില്‍ നിര്‍ണായക അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഡല്‍ പരിഷ്‌കാരമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

റെനോ 17, റെനോ 17 പ്രോ സ്മാർട്ട്ഫോണുകളും വാച്ച് 5 സ്മാർട്ട് വാച്ചും അവതരിപ്പിച്ച് ഓപ്പോ

പുതിയ സ്മാര്‍ട്ട്ഫോണുകളായ റെനോ 17, റെനോ 17 പ്രോ എന്നിവയും വാച്ച് 5 സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ച് ഓപ്പോ. ചൈനയിലാണ് പുതിയ ഉപകരണങ്ങള്‍ കമ്പനി പുറത്തിറക്കിയത്. 8,000 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററി, 200 മെഗാപിക്സല്‍ ക്യാമറ, പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയവയാണ് പുതിയ ഫോണുകളുടെ പ്രധാന പ്രത്യേകതകള്‍. പ്രത്യേക അഡ്വഞ്ചര്‍ ക്യാറ്റ് എഡിഷനും ശ്രദ്ധേയമാണ്. അതേസമയം, പുതിയ വാച്ച് 5ല്‍ അമോലെഡ് ഡിസ്പ്ലേ, ആരോഗ്യ-ഫിറ്റ്നസ് നിരീക്ഷണ സംവിധാനങ്ങള്‍, 10 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയുണ്ട്.

അമൽ നീരദ് ചിത്രം ‘ബാച്ച്‌ലർ പാര്‍ട്ടി Deux’ ഇന്ന് തിയേറ്ററുകളിലേക്ക്

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി Deux’ ഇന്ന് തിയേറ്ററുകളിലേക്ക്. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ഇതിനകം ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

നവാഗതനായ പ്രശാന്ത് പത്മനാഭൻ സംവിധാനം ചെയ്യുന്ന ‘ക്രിംസൺ പിയർ’ ചിത്രീകരണം ആരംഭിച്ചു

പുതിയ തലമുറയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസണ്‍ പിയര്‍. നവാഗതനായ പ്രശാന്ത് പത്മനാഭന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബര്‍ പതിനെട്ട് ബുധനാഴ്ച്ച കോഴിക്കോട് മുക്കത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങില്‍ പ്രശസ്ത നടന്‍ സിദ്ദിഖി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. ബ്ലൂ ഹെയ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഹ്യൂമര്‍ റൊമാന്‍സ് ത്രില്ലര്‍ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ആഡ് ഫിലിം രംഗത്തും പ്രവര്‍ത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭന്റെ ഫീച്ചര്‍ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.

ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കി, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഭക്ഷണരീതികൾ

നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ചില ഭക്ഷണപാനീയങ്ങളില്‍ കാണപ്പെടുന്ന പ്യൂരിനുകള്‍ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉല്‍പ്പന്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ പ്യൂരിന്‍ കുറവുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയും ഉയര്‍ന്ന പ്യൂരിന്‍, പഞ്ചസാര എന്നിവ അടങ്ങിയവ ഒഴിവാക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here