28.4 C
Kollam
Thursday 19th November, 2026 | 09:14:22 PM
Home News Breaking News ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടനിറം

ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടനിറം

Advertisement

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് ഹൈക്കോടതി തീരുമാനത്തിന് അംഗീകാരം നൽകി. ഇതോടെ ബസ് ഉടമകൾക്ക് വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറം നൽകാം.

2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ നിയന്ത്രണം ടൂറിസ്റ്റ് ബസ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ഉടമകൾ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തതിനാൽ കേരളത്തിലെ ബസുകൾക്ക് ഓട്ടം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിച്ചു. ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ച് നിറം സംബന്ധിച്ച നിയന്ത്രണം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

നിറം തിരഞ്ഞെടുക്കാൻ അനുമതിയുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, എഴുത്തുകൾ, പരസ്യങ്ങൾ എന്നിവ ബസിന്റെ ബോഡിയിൽ പതിപ്പിക്കാൻ പാടില്ല. അനധികൃത എൽഇഡി, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. 2019ലെ ഹൈക്കോടതി ഉത്തരവിലെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here