കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുന്‍ എംഎല്‍എ എംവി രാജഗോപാലന്റെ മകനുമായ എസ്ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല.
പാര്‍ട്ടിയില്‍ ‘പിണറായിസം’ മാത്രമാണ് നിലനില്‍ക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാര്‍ട്ടിയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നും കോടിയേരി ബാലകൃഷ്ണനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നുമാരോപിച്ചാണ് അംഗത്വം പുതുക്കാതിരുന്നതെന്ന് വിനയകുമാര്‍ പറഞ്ഞു.
പിണറായിക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മാറിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഞാന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ്. അഞ്ചേകാല്‍ ലക്ഷം അംഗങ്ങളില്‍ ഒരാള്‍. പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കാന്‍ 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ആലോചിച്ചതാണ്. അന്നേ ദിവസത്തിന്റെ പ്രത്യകത പറയേണ്ടതില്ലല്ലോ?. കോടിയേരിക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന് മാത്രമല്ല, മറ്റ് ചിലര്‍ക്ക അനര്‍ഹമായ പരിഗണനകൊടുക്കുന്നു. പിണറായിയെയും എംവി ഗോവിന്ദനെയും നേതാക്കന്‍മാരായി അംഗീകരിച്ചതാണ് അണികള്‍ക്ക് പറ്റിയ തെറ്റ്’- വിനയകുമാര്‍ പറഞ്ഞു.
പിണറായി വിജയന്‍ എന്നാല്‍ സിപിഎം എന്നും സിപിഎം എന്നാല്‍ പിണറായി വിജയന്‍ എന്നുമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്നതെന്നും പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്നും വിനയകുമാര്‍ വിമര്‍ശിച്ചു. അത് പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമാണ്. കുറേക്കാലമായി പാര്‍ട്ടിയില്‍ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും അതുമായി ബന്ധപ്പെട്ട് പ്രതിരോധം തീര്‍ക്കലും മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചരിത്രത്തിലില്ലാത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും നേതൃത്വം സ്വയം തിരുത്താന്‍ തയ്യാറാകുന്നില്ല. ഇത് തിരുത്താന്‍ വേണ്ടി കൂടിയ സംസ്ഥാന കമ്മിറ്റിയില്‍ എം. വി. ഗോവിന്ദന്‍ പ്രസംഗിക്കുന്നത് താനോ പിണറായി വിജയനോ മാറുന്നില്ല എന്നാണ്. വീഴ്ചകള്‍ അണികളുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ അടിമയായി തുടരുന്നതില്‍ അര്‍ഥമില്ല. നേതൃത്വത്തിന് സ്തുതി പാടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ത്ത കണ്ട് സഹോദരി വിനോദിനി വിളിച്ചിരുന്നു. അവരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവരുമായി ആലോചിച്ച് തീരുമാനിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഈ നേതൃത്വം തന്നെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല. പിന്നീട് പറയേണ്ടി വന്നാല്‍ പറയും. അംഗത്വം പുതുക്കാത്തതിന്റെ കാര്യം പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോടിയേരിയോട് ഇപ്പോഴത്തെ നേതൃത്വം കാണിച്ചത് നന്ദികേടാണ്. പിണറായിയുടെ മകള്‍ക്ക് സമാനമായ അനുഭവം കോടിയേരിക്ക് ഉണ്ടായപ്പോള്‍ അദ്ദേഹം എടുത്ത നിലപാട് എന്തായിരുന്നു. ഇതാണോ അവര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധമെന്നും വിനയകുമാര്‍ ചോദിച്ചു. വേറേ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാന്‍ വേണ്ടിയല്ല അംഗത്വം പുതുക്കാതിരുന്നതെന്നും പാര്‍ട്ടിയിലെ തെറ്റുതിരുത്താത്ത ചിലരുടെ സമീപനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡി പദവി വഹിച്ചിരുന്ന വിനയകുമാര്‍ 2019 മുതലാണ് തിരുവനന്തപുരത്ത് താമസമാക്കിയത്. കഴിഞ്ഞ കുറച്ചുകാലമായി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും മകന്‍ ബിനീഷ് കോടിയേരിയോടും പാര്‍ട്ടി നേതൃത്വം അവഗണന കാണിക്കുന്നതായി ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് എസ്. ആര്‍. വിനയകുമാര്‍ പാര്‍ട്ടി വിടുന്നത്.

































