30 C
Kollam
Tuesday 17th November, 2026 | 06:07:41 PM
Home News Breaking News ക്വാറി ഉത്പന്നങ്ങളുടെ കടത്തുനിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; കേരളത്തിന് ആശ്വാസം

ക്വാറി ഉത്പന്നങ്ങളുടെ കടത്തുനിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; കേരളത്തിന് ആശ്വാസം

Advertisement

ചെന്നൈ: തമിഴ്നാട്ടില്‍നിന്ന് കേരളം ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മൂന്നുമാസത്തെ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കല്ല്, ജല്ലി, എം-സാന്‍ഡ്, പാറക്കഷണങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളുടെ അന്തര്‍സംസ്ഥാന കടത്തിനുള്ള നിയന്ത്രണമാണ് കോടതി അസാധുവാക്കിയത്. ഇതോടെ കേരളത്തിലെ നിര്‍മാണമേഖലയ്ക്കും ക്വാറി ഉടമകള്‍ക്കും ലോറിത്തൊഴിലാളികള്‍ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
തമിഴ്നാട്ടിലെ ആഭ്യന്തര വിപണിയില്‍ നിര്‍മാണസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുക, അനധികൃത ഖനനവും കടത്തും തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ജൂലൈ 9ന് കൊണ്ടുവന്ന ചട്ടഭേദഗതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 27നാണ് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കടത്തിന് മൂന്നുമാസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഒക്ടോബര്‍ 26ന് നിരോധനം വീണ്ടും മൂന്നുമാസത്തേക്ക് നീട്ടുകയും ചെയ്തു.
നിയന്ത്രണത്തിനെതിരെ ക്വാറി, ക്രഷര്‍ ഉടമകളും നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടവരും കോടതിയെ സമീപിച്ചു. നിയമാനുസൃത അനുമതിയോടെ ഖനനം നടത്തി റോയല്‍റ്റിയും മറ്റ് ഫീസുകളും അടച്ച് ലഭിക്കുന്ന ഉത്പന്നങ്ങള്‍ എവിടെ വില്‍ക്കണമെന്നത് ഉടമകളുടെ അവകാശമാണെന്നും സംസ്ഥാനാന്തര വ്യാപാരത്തെ തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട് മൈനിങ് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ റൂള്‍ 3എ ഭരണഘടനാവിരുദ്ധവും മാതൃനിയമത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഡയറക്ടര്‍ ഓഫ് ജിയോളജി ആന്‍ഡ് മൈനിങ്ങിന്റെ ഉത്തരവും റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here