മലപ്പുറം. മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ പി നന്ദകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി. മത മൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം എന്ന പരാമര്‍ശത്തോടെ സിപിഎം മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പി.നന്ദകുമാര്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതുമാണ് പരാമര്‍ശമെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. മത മൗലിക വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമര്‍ശം നന്ദകുമാര്‍ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്റെ പരാമര്‍ശം ഉണ്ടായത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീനമേഖലയായ പൊന്നാനി ഉള്‍പ്പെടെ കൈവിട്ടുപോയെന്നും യോ?ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പൊന്നാനിയില്‍ പ്രദേശികമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍ മണ്ഡലം മാറി മത്സരിച്ചതുള്‍പ്പെടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വിമര്‍ശനമായി ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തില്‍ പിണറായി വിജയന്‍ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകള്‍ മലപ്പുറത്തും ചര്‍ച്ചയായി.




































