തിരുവനന്തപുരം: 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതിന്റെ വീഡിയോയും ശബ്ദരേഖയും പുറത്തു വന്നതിനു പിന്നാലെ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ്എല്ലിനെ സിപിഎമ്മും കൈവിടുന്നു. അജിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.
തന്റെ വാര്‍ഡില്‍ സ്ഥലം വാങ്ങിയ ആളോട് കൈക്കൂലി ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അജിനെതിരെ ഉയര്‍ന്ന പരാതി. പേയാട് സ്വദേശി സഞ്ജുവാണ് പരാതിക്കാരന്‍.
19 സെന്റുള്ള തന്റെ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ പുറമ്പോക്ക് ആണെന്ന് കാണിച്ച് പൊലീസിനെയും വില്ലേജിനെയും വിവരം അറിയിക്കുമെന്നും അജിന്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞെന്നാണ് സഞ്ജു പറയുന്നത്. ഇതിനു തെളിവായി കൗണ്‍സിലറുടെ ശബ്ദരേഖയും വീഡിയോയും സഞ്ജു തന്നെയാണ് പുറത്ത് വിട്ടത്. അജിനെ പിണക്കി ജീവിക്കാന്‍ ആവില്ലെന്നും അഞ്ചു ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും പ്രാദേശിക സിപിഎം നേതാക്കള്‍ തന്നോട് പറഞ്ഞെന്നും സഞ്ജു ആരോപിച്ചു.
എന്നാല്‍ താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും അജിന്‍ പ്രതികരിച്ചു. പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണത്തിനെതിരെ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഈ ആരോപണം. ഒരു ലക്ഷം രൂപ എന്ന് പറയുന്ന വീഡിയോ ഭാഗത്ത് എഡിറ്റിങ്ങ് നടന്നിട്ടുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മാണം നടത്തിയതിന് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടുപോവാതിരിക്കാന്‍ കോടതിയെ സമീപിക്കുമെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.





































