- മണ്റോത്തുരുത്ത്.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഇടിയക്കടവിലെ സമാന്തര പാലം നിർമാണം 2027-28 ലെ സംസ്ഥാന ബജറ്റിൽ ഇടം പിടിക്കുമോയെന്ന ആകാംക്ഷയിലാണ് കല്ലട മേഖല. കുണ്ടറയിൽ നിന്നും മൺറോത്തുരുത്തിലേക്കുള്ള 14 കി. മീറ്റർ യാത്രയിൽ,ഇടിയക്കടവ് പാലം ഇന്നും കുപ്പിക്കഴുത്ത് പോലെ തടസ്സമായി നിൽക്കുകയാണ്.
രണ്ടു വർഷം മുമ്പ് 19 കോടി ചെലവിൽ കുണ്ടറ – മൺറോ ത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, കിഫ്ബി മുഖേന വീതി കൂട്ടി ഉന്നത നിലവാരത്തിൽ പുതുക്കി നിർമിച്ചതാണ്. എന്നാൽ ഇടുങ്ങിയ ഈ പാലത്തിലൂടെ ഒരേ സമയം ഒരു ദിശയിൽ മാത്രമേ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുകയുള്ളൂ.
1969 ൽ കല്ലട പുത്തനാറിനു കുറുകെ രണ്ടു സ്പാനുകളിൽ നിർമിച്ച പാലം 57 വർഷം കഴിയുമ്പോൾ തീരെ ദുർബലമാണ്.ചിറ്റുമല ഭാഗത്തു നിന്നും ഇറക്കമിറങ്ങി വരുന്ന ലോഡ് വാഹനങ്ങളുടെ അമിത സമ്മർദം മൂലം പല തവണ അറ്റകുറ്റപണികളും ഗതാഗത നിയന്ത്രണങ്ങളും വേണ്ടി വന്നിരുന്നു.
അടുത്ത വർഷം പെരുമൺ പാലം ഗതാഗതത്തിനു തുറക്കുന്നതോടെ, ഈ പാലത്തിലൂടെയുള്ള ഒറ്റവരി യാത്ര സ്ഥിതി കൂടുതൽ വഷളാക്കും. വിനോദ സഞ്ചാരികളുടെ തിരക്ക് കൂടു മ്പോൾ, കൊടുവിള മുതൽ എസ് വളവ് വരെ കടുത്ത ഗതാഗതക്കുരുക്കും ട്രാഫിക് നിയന്ത്രണങ്ങളും വേണ്ടിവരും.
പ്രശ്നം മുൻകൂട്ടി കണ്ടുകൊണ്ട്, പൊതുമരാമത്തു വകുപ്പ് കൊല്ലം ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മണ്ണ് പരിശോധനയും ഡിസൈൻ ജോലികളും പൂർത്തിയാക്കി 2026 ഫെബ്രുവരി 17 ന് സമാന്തര പാലം പണിയാൻ 14 കോടിയുടെ എസ്റ്റിമേറ്റ് സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിച്ചിരുന്നതാണ് .എന്നാൽ ബജറ്റ് നിർദേശത്തിന്റെ അ ഭാവത്തിൽ, ഭരണാനുമതിക്കുള്ള ശിപാർശ മാറ്റിവയ്ക്കുകയാണെന്ന്, പൊതുമരാമത്ത് വകുപ്പിൽ പലങ്ങളുടെ ചുമതലയുള്ള ചീഫ് എഞ്ചിനീയറെ സർക്കാർ ആഗസ്റ്റ് 13 നു രേഖാമൂലം അറിയിക്കുകയായിരുന്നു.
ഇടിയക്കടവ് സമാന്തര പാലം സംബന്ധിച്ച നിർദേശം, അടുത്ത സംസ്ഥാന ബജറ്റിൽ ഉൾക്കൊള്ളിക്കാൻ സർക്കാർ തലത്തിലുള്ള തീരുമാനം അനിവാര്യമാണ്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഒന്നിച്ചുള്ള ശ്രമങ്ങളുണ്ടാകണമെന്ന്, കല്ലട മേഖലയിലെ മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് അഭ്യർഥിച്ചു. വരുന്ന ബജറ്റിൽ സമാന്തരപാലത്തിനായുള്ള നിർദേശം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകിയതായി പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ പറഞ്ഞു.
വി.എസ്.പ്രസന്നകുമാർ, പ്രൊഫ. നാലുതെങ്ങിൽ സരോജാദേവി,
കളത്തറ ശാന്തകുമാർ, എസ്. സോമരാജൻ , അഡ്വ. രവി കോതപുരം, പി. വിനോദ്, കെ.മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ, ഡി. ശിവപ്രസാദ് എന്നിവരും സംഘത്തിലു ണ്ടായിരുന്നു.

































