28.4 C
Kollam
Tuesday 17th November, 2026 | 09:01:15 PM
Home News Kerala അരവണ വാങ്ങാൻ ഇനി ക്യൂ വേണ്ട; ശബരിമലയിൽ വെൻഡിങ് മെഷീൻ

അരവണ വാങ്ങാൻ ഇനി ക്യൂ വേണ്ട; ശബരിമലയിൽ വെൻഡിങ് മെഷീൻ

Advertisement

ശബരിമല: സന്നിധാനത്ത് അരവണ പ്രസാദം വാങ്ങുന്നതിനുള്ള തിരക്കും കാത്തിരിപ്പും കുറയ്ക്കാൻ വെൻഡിങ് മെഷീൻ സംവിധാനം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓൺലൈനായി പണമടച്ച് തീർഥാടകർക്ക് മെഷീനിൽനിന്ന് നേരിട്ട് അരവണ വാങ്ങാം. ഇതിനായി പ്രത്യേക സർവീസ് ചാർജ് ഈടാക്കില്ല.

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ താഴത്തെ നിലയിലാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. ആകെ അഞ്ച് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം ഒരേസമയം പ്രവർത്തിപ്പിക്കും. ഒരു തവണ അഞ്ച് ടിൻ അരവണ വരെ വാങ്ങാം. ഒരു ടിന്നിന് 100 രൂപയാണ് വില. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്കും എളുപ്പത്തിൽ ഉപയോഗിക്കാനായി വിവിധ ഭാഷകളിൽ നിർദേശങ്ങൾ മെഷീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം റീജിയണിന്റെ സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്. കൂടുതൽ അപ്പവും അരവണയും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സമീപത്ത് സ്വയം പ്രവർത്തിപ്പിക്കാവുന്ന ബില്ലിങ് കിയോസ്കും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പണമടച്ച് ലഭിക്കുന്ന ബില്ലുമായി മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറിൽനിന്ന് ആവശ്യമായ അളവിൽ പ്രസാദം വാങ്ങാം. പുതിയ സംവിധാനം അരവണ വിതരണത്തിലെ തിരക്കും കാത്തിരിപ്പും കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here