കരുത്തുറ്റ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്നതിൽ ഉർവശി എന്നും മുൻപിലാണ്. തീയേറ്റർ റിലീസ് ആയെത്തിയ ആശ ഇപ്പോൾ ഒടിടിയിലും നിറഞ്ഞു നിൽക്കുന്നു. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഉർവശി.
ആശയെപ്പോലെ സ്വന്തം പ്രശ്നങ്ങൾ ഉള്ളിലൊതുക്കി നടക്കുന്ന ആളാണോ? എന്ന ചോദ്യത്തിന് ഉർവശി നൽകിയ മറുപടി. ഇങ്ങനെ ആയിരുന്നു
ആൾക്കൂട്ടത്തിൽ ഒറ്റപ്പെടാൻ വിധിക്കപ്പെട്ട ഒരാളാണ് ഞാൻ. എല്ലാവരോടും ആശയവിനിമയം നടത്താൻ സാധിക്കാറില്ല. അതേസമയം, ഞാൻ വളരെ സജീവമായി ആളുകളോട് ഇടപഴകുന്ന ഒരാളുമാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. പക്ഷേ, നമ്മുടെ സമൂഹത്തിൽ ചില കാര്യങ്ങൾ തുറന്നുപറയാൻ കഴിയില്ല. പറഞ്ഞാൽ അത് വേറൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം ഉണ്ടാകും, കുടുംബത്തിലുള്ളവരും നമുക്ക് വേണ്ടപ്പെട്ടവരും നമ്മളെ കുറ്റപ്പെടുത്തുമോ എന്ന ചിന്തയും ഉണ്ടാകും. അങ്ങനെ പല കാര്യങ്ങളും ഉള്ളിൽ ഒതുക്കിവെക്കാറുണ്ട്.
ആശയെപ്പോലുള്ള വ്യക്തികളെ ചുറ്റുപാടുകളിൽ കണ്ടിട്ടുണ്ടോ?
അങ്ങനെയുള്ള അമ്മമാരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. സ്വന്തം കഴിവിനെക്കുറിച്ച് മറ്റുള്ളവരുടെ അംഗീകാരം നേടാനായിമാത്രം ജീവിക്കുന്ന സ്ത്രീകളുണ്ട്. പക്ഷേ, അതുകൊണ്ട് എന്താണ് അർഥം? ജീവിതം വളരെ ചെറുതാണ്. അനാവശ്യമായ ഈഗോയുടെ പേരിൽ സ്വന്തം സന്തോഷവും ജീവിതത്തിലെ നല്ല നിമിഷങ്ങളും നഷ്ടപ്പെടുത്തുന്നത് വ്യർഥമാണ്. ഒരുദിവസം നഷ്ടപ്പെട്ടാൽ അത് തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. കാലം പിന്നോട്ടു തിരിക്കാനാവില്ല. കാലമാണ് നമ്മളെ ഏറ്റവും കൂടുതൽ പഠിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.





























