പഴവങ്ങാടി കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. കോട്ടയ്ക്കകം അന്നമിത്ര കാറ്ററിംഗ് സർവീസിലെ ജീവനക്കാരനും തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയുമായ കേശവൻ (52) കൊല്ലപ്പെട്ട കേസിലാണ് കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെ കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.
2022 മാർച്ച് 9-നാണ് കേസിനാസ്പദമായ സംഭവം. മേലെ പഴവങ്ങാടി രാജൻ വാച്ച് ഹൗസിന് മുന്നിലെ നടപ്പാതയിൽ വെച്ച് ഗിരീഷ് കുമാർ കേശവനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കേശവനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മാർച്ച് 13 ന് കേശവൻ മരിച്ചത്.
തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ സനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നിർണായകമായത് സമീപത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 36 രേഖകൾ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു.





























