27.8 C
Kollam
Sunday 25th October, 2026 | 06:05:03 PM
Home News Kerala ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനു സംരക്ഷണമെന്ന ആരോപണം; എഫ്‌ഐആറിൽ ഡ്രൈവറുടെ പേരില്ല

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകനു സംരക്ഷണമെന്ന ആരോപണം; എഫ്‌ഐആറിൽ ഡ്രൈവറുടെ പേരില്ല

Advertisement

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വാഹനമോടിച്ച 17കാരനെയും പിതാവായ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെയും സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം. എഫ്‌ഐആറിൽ ഡ്രൈവറുടെ പേരിനു പകരം ‘ഡ്രൈവർ ഓഫ് KL 46 F 0333 ബെൻസ് കാർ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെയും സ്ഥിരത്തിലെയും വിലാസങ്ങൾ ‘അൺനോൺ’ എന്നും രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 2.20ന് കൊച്ചി കണ്ടെയ്നർ റോഡിൽ ഫോർഡ് ഷോറൂമിന് സമീപമായിരുന്നു അപകടം. മഞ്ഞളി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചു. അമിതവേഗത്തിലെത്തിയ ബെൻസ് കാർ സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. കാർ മണിക്കൂറിൽ 100–120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അപകടസമയത്ത് കാറോടിച്ചിരുന്നത് ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയായ റിനോ ഫ്രാൻസിസ് സേവ്യറിന്റെ 17കാരനായ മകനാണെന്നാണ് ആരോപണം. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിൽ പിതാവിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടും പൊലീസ് മടിക്കുന്നുവെന്നാണ് വിമർശനം. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വാഹനമെടുത്തതെന്നും മഴയായതിനാൽ മുന്നിലുണ്ടായിരുന്ന വാഹനം കണ്ടില്ലെന്നുമാണ് 17കാരന്റെ മൊഴിയെന്നാണ് വിവരം. അപകടസമയത്ത് കുട്ടിയുടെ ചിത്രം പകർത്തിയ ബന്ധുക്കളുടെയും പ്രദേശവാസികളുടെയും ഫോണുകൾ പൊലീസ് പിടിച്ചുവാങ്ങി ചിത്രങ്ങൾ നീക്കം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളിൽ പൊലീസിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.

മകൻ ഓടിച്ച കാർ ഇടിച്ച് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ കുടുംബത്തോട് ജഡ്ജി മോശമായി പ്രതികരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ലൈസൻസില്ലാത്ത കുട്ടിക്ക് വാഹനം നൽകിയ മാതാപിതാക്കൾക്കെതിരെയും കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പൊലീസ് നടപടികളുമായി താരതമ്യം ചെയ്തും ചേരാനല്ലൂർ കേസിൽ വിമർശനം ഉയരുന്നുണ്ട്. എഫ്‌ഐആറിൽ ഡ്രൈവറുടെ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്താത്തതും ചിത്രങ്ങൾ നീക്കം ചെയ്തെന്ന ആരോപണവും സംഭവത്തിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം ശക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here