29.9 C
Kollam
Tuesday 20th October, 2026 | 10:55:26 AM
Home News Breaking News ഡിജിറ്റൽ അറസ്റ്റ്: ജയ്പുരിലെ റിട്ട. ജഡ്ജിയെ കുടുക്കി 2.5 കോടി തട്ടി, മലയാളി പിടിയിൽ

ഡിജിറ്റൽ അറസ്റ്റ്: ജയ്പുരിലെ റിട്ട. ജഡ്ജിയെ കുടുക്കി 2.5 കോടി തട്ടി, മലയാളി പിടിയിൽ

കൊച്ചി: രാജസ്ഥാനിലെ റിട്ട. ജില്ലാ ജഡ്ജിയെ ഡിജിറ്റൽ അറസ്റ്റിലാക്കി രണ്ടരക്കോടി രൂപ തട്ടിയ കേസിൽ മലയാളി അറസ്റ്റിൽ. വരാപ്പുഴ മന്നംതുരുത്ത് സ്വദേശി ആനന്ദ് ബാബുവിനെയാണ് (32) ജയ്പുർ പൊലീസും കേരള പൊലീസും ചേർന്ന് പിടികൂടിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണത്തിൽ അഞ്ചുലക്ഷം രൂപ ആനന്ദ് ബാബുവിന്റെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് രാജസ്ഥാൻ പൊലീസ് കേരളത്തിലെത്തിയത്. തട്ടിപ്പുസംഘത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജയ്പുർ സ്വദേശിയും വിരമിച്ച ജില്ലാ ജഡ്ജിയുമായ ഗൺപത് സിങ് ഭണ്ഡാരി (90) ആണ് തട്ടിപ്പിനിരയായത്. സിബിഐ ഉദ്യോഗസ്ഥരെന്നും റിസർവ് ബാങ്ക് അധികൃതരെന്നും പരിചയപ്പെടുത്തിയാണ് സംഘം അദ്ദേഹത്തെ വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. പുൽവാമ കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിൽ പങ്കുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർച്ചയായി 15 ദിവസത്തോളം വീഡിയോ കോളുകളിലൂടെ നിയന്ത്രണത്തിലാക്കി പണം കൈമാറാൻ നിർബന്ധിക്കുകയായിരുന്നു.

ജൂലൈ 28നാണ് തട്ടിപ്പിന് തുടക്കമായത്. മുംബൈയിൽ നടന്ന 50 കോടി രൂപയുടെ ഹവാല ഇടപാടിൽ 40 ലക്ഷം രൂപ ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നായിരുന്നു തട്ടിപ്പുകാരുടെ അവകാശവാദം. അറസ്റ്റ് ഒഴിവാക്കാനും അക്കൗണ്ട് പരിശോധന പൂർത്തിയാക്കാനുമെന്ന പേരിൽ പണം ആവശ്യപ്പെട്ടു. ഓഗസ്റ്റ് മൂന്ന് മുതൽ പത്തുവരെ പലതവണയായി 2,50,51,000 രൂപയാണ് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

പിന്നീട് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ പണവും കൈമാറാൻ സംഘം നിർബന്ധിച്ചു. എന്നാൽ ബാങ്ക് ഇടപാടിൽ സംശയം തോന്നിയ എസ്ബിഐ മാനേജർ പണം കൈമാറ്റം തടഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ജഡ്ജിയുടെ ബന്ധു നൽകിയ പരാതിയിൽ ജയ്പുരിലെ ജ്യോതി നഗർ പൊലീസ് കേസെടുത്തു.

അന്വേഷണത്തിൽ തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ട അക്കൗണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ ആനന്ദ് ബാബുവിന്റെ അക്കൗണ്ടിലേക്ക് എത്തിയതായും പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറിയതായും കണ്ടെത്തി. ഇതോടെയാണ് രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തിയത്. എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ ആനന്ദ് ബാബുവിനെ തുടർ അന്വേഷണത്തിനായി രാജസ്ഥാനിലേക്ക് കൊണ്ടുപോയി. തട്ടിപ്പുസംഘത്തിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും കേരളത്തിലുള്ള ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here