29.7 C
Kollam
Wednesday 28th October, 2026 | 12:34:02 PM
Home News National നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേള, തമിഴ്നാട്ടില്‍ ഓട്ടോറിക്ഷാ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി

നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേള, തമിഴ്നാട്ടില്‍ ഓട്ടോറിക്ഷാ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി

Advertisement

ചെന്നൈ. നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ ഓട്ടോറിക്ഷാ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയാക്കി 50 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ആദ്യത്തെ 1.8 കിലോമീറ്ററിനാണ് 50 രൂപ മിനിമം ചാര്‍ജ് ഈടാക്കുക. ഇതിനുശേഷമുള്ള ഓരോ അധിക കിലോമീറ്ററിനും 25 രൂപ വീതവും നല്‍കണം. തമിഴ്നാട് സര്‍ക്കാരിന്റെ ഹോം (ട്രാന്‍സ്പോര്‍ട്ട്-1) വകുപ്പാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

പുതുക്കിയ നിരക്ക് ഘടന പ്രകാരം രാത്രികാലങ്ങളിലെയും മലയോര മേഖലകളിലെയും യാത്രയ്ക്ക് പ്രത്യേക ചാര്‍ജ്ജുകളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള സമയങ്ങളിലെ യാത്രയ്ക്ക് സാധാരണ മീറ്റര്‍ നിരക്കിന്റെ ഒന്നരയിരട്ടി തുക യാത്രക്കാര്‍ നല്‍കേണ്ടിവരും. വെയിറ്റിങ് ചാര്‍ജ് മിനിറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. ചുരം റോഡുകളിലൂടെയുള്ള സര്‍വീസുകള്‍ക്ക് സാധാരണ നിരക്കിന്റെ 1.2 ഇരട്ടി തുക അടിസ്ഥാനമാക്കി മിനിമം നിരക്ക് 60 രൂപയായും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമായും സര്‍ക്കാര്‍ നിശ്ചയിച്ചു.

2013 ഓഗസ്റ്റിലായിരുന്നു തമിഴ്നാട്ടില്‍ ഇതിനുമുമ്പ് ഓട്ടോറിക്ഷാ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്. അന്ന് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപ മിനിമം ചാര്‍ജും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ധനവില, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവ ക്രമാതീതമായി ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകള്‍ നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു.

യാത്രക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി നിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന് 2022 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഡ്രൈവേഴ്‌സ് യൂണിയനുകളുമായും ഉപഭോക്തൃ സംഘടനകളുമായും സര്‍ക്കാര്‍ നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനം ഇപ്പോള്‍ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here