ശാസ്താംകോട്ട:മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ നിന്നും സിപിഎം നേതാവിൻ്റെ ഭാര്യ അനർഹമായി 1,98,100 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി.
ഗുണഭോക്താക്കൾ വ്യാജരേഖകൾ ചമച്ച് സർക്കാരിനെ കബളിപ്പിച്ച് പെൻഷൻ വാങ്ങുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന്,സർക്കാർ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൺറോതുരുത്തിലും തട്ടിപ്പ് കണ്ടെത്തിയത്.മിലിട്ടറി സർവ്വീസിൽ നിന്നും വിരമിച്ച സിപിഎം മൺറോതുരുത്ത് ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഭാര്യ 2015 മുതലാണ് പെൻഷൻ കൈപ്പറ്റിയത്.കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ടപ്പോൾ,ഹാജരാക്കിയ വരുമാന സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റിനു പകരം വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിസബിലിറ്റി പെൻഷൻ കൈപ്പറ്റുന്നയാളുടെ ഭർത്താവ് മിലിട്ടറി സർവ്വീസിൽ നിന്നും വിരമിച്ചയാളാണെന്നും,കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെന്ന് കണ്ടെത്തി.ഇതിനാലാണ് കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റിനു പകരം വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.തുടർന്ന് 2015 മുതൽ അവസാനമായി പെൻഷൻ വാങ്ങിയ 2028 ആഗസ്ത് വരെയുള്ള തുകയും,18 ശതമാനം പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കണമെന്ന് കാട്ടി തപാലിൽ രജിസ്റ്റേഡ് കത്തും നൽകിയിരുന്നു.എന്നാൽ തനിക്ക് വൈകല്യമുളളതിനാൽ ഡിസബിലിറ്റി പെൻഷൻ അവകാശപ്പെട്ടതാണെന്നും തുക തിരിച്ചടയ്ക്കില്ലെന്നും കാട്ടി അപേക്ഷക മറുപടി നൽകി.നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം ഇവർ ഡിസബിലിറ്റി പെൻഷന് അർഹതയല്ലെന്ന് വിശദീകരിച്ച് അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണമെന്ന് കാട്ടി കത്ത് അയച്ചെങ്കിലും തുക അടയ്ക്കാതെ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇതിനാൽ ഗ്രാമപഞ്ചായത്തിനെ കബളിപ്പിച്ച് അനർഹമായി തട്ടിയെടുത്ത പെൻഷൻ തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാനും അന്വേഷണ സംഘം ശുപാർശ ചെയ്യുന്നു.
അനർഹമായി മൺറോതുരുത്ത് പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയ 40 ലധികം പേരെ പരിശോധനയിൽ കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു.അതിനിടെ സിപിഎം നേതാവ് നടത്തിയ പെൻഷൻ തട്ടിപ്പിൽ നടപടി സ്വീകരിക്കാതെ മൺറോതുരുത്തിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി പ്രശ്നം ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
































