27.3 C
Kollam
Thursday 29th October, 2026 | 10:39:48 PM
Home News Breaking News ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികള്‍ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതുകൊണ്ടാണോ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി

ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികള്‍ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതുകൊണ്ടാണോ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി

Advertisement

തിരുവനന്തപുരം: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികള്‍ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതുകൊണ്ടാണോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. 2023, 2024, 2025 വര്‍ഷങ്ങളില്‍ നിപ്പ ബാധിച്ച് ആറ് രോഗികള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് ആരോഗ്യവകുപ്പിന് തന്നെ സംശയമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഉത്തരവിട്ടതായും മന്ത്രി സഭയെ അറിയിച്ചു.

നിയമസഭാ സമ്മേളനത്തിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി. നിപ്പ, കോവിഡ് തുടങ്ങിയ ഗുരുതര വൈറസ് രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നായി അടിയന്തര ഘട്ടങ്ങളില്‍ നല്‍കിവരുന്ന ആന്റി വൈറല്‍ മരുന്നായ ‘റെംഡെസിവിര്‍’ വിതരണം ചെയ്തതിലാണ് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കാരുണ്യ വഴി 2021 ജൂണ്‍ മൂന്നിനാണ് അവസാനമായി റെംഡെസിവിര്‍ മരുന്ന് സംഭരിച്ചത്. 42 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 3000 വയല്‍ മരുന്നിന്റെ കാലാവധി അവസാനിച്ചത് 2023 മേയ് 30-നായിരുന്നു. കാരുണ്യ വഴിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയൊന്നും ഈ കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങിയിരുന്നില്ല. എന്നാല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ലഭ്യമായ കണക്കുകള്‍ പ്രകാരം കാലാവധി കഴിഞ്ഞ ശേഷവും വലിയ തോതില്‍ റെംഡെസിവിര്‍ രോഗികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 102 വയലും, 2024-25-ല്‍ 34 വയലും, 2025-26 വര്‍ഷത്തില്‍ 10 വയലും റെംഡെസിവിര്‍ മെഡിക്കല്‍ കോളേജില്‍ ഉപയോഗിച്ചിട്ടുണ്ട്. 2023-ല്‍ ആറ് നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടുപേരും, 2024-ല്‍ രണ്ട് കേസുകളില്‍ രണ്ടുപേരും, 2025-ല്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടുപേരും മരണപ്പെട്ടിരുന്നു. ഈ മൂന്ന് വര്‍ഷങ്ങളിലായി രോഗികള്‍ക്ക് നല്‍കിയ മരുന്നുകള്‍ കാലാവധി കഴിഞ്ഞതായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ അനുമാനിക്കുന്നത്. അതേസമയം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗിച്ച 50 വയല്‍ മരുന്ന് 2026 ജൂണ്‍ 12-ന് ബഹ്റൈനില്‍നിന്ന് പ്രത്യേകമായി എത്തിച്ച് നല്‍കിയതായിരുന്നു. ഈ വര്‍ഷം രോഗം സ്ഥിരീകരിച്ച ഏക രോഗി പൂര്‍ണ്ണമായി രോഗമുക്തി നേടുകയും ചെയ്തു.

കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതാണോ ആറ് പേരുടെ മരണത്തിന് കാരണമായതെന്നും, ഈ മരുന്ന് നൽകിയ മറ്റ് കോവിഡ്, നിപ്പ രോഗികൾക്ക് എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും മെഡിക്കൽ ബോർഡ് പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് റെംഡെസിവിർ മരുന്ന് നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരങ്ങൾ ഉടൻ ശേഖരിച്ച് ലഭ്യമാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here