ഗാസിയാബാദ്: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ജിം ട്രെയിനറും ചേർന്ന് ആസൂത്രണം ചെയ്ത ആക്രമണം സിസിടിവിയിൽ പതിഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒക്ടോബർ 26ന് പുലർച്ചെ വസുന്ധരയിലെ വാടകവീട്ടിൽ ഉറങ്ങിക്കിടന്ന ശശാങ്ക് കാന്താരിയയെ 12 തവണ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ പ്രിയ ശർമ്മയെയും ജിം ട്രെയിനർ പ്രതാപ് സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 5.17ന് പ്രിയ കാറിൽ സൊസൈറ്റിയിൽനിന്ന് പുറത്തേക്ക് പോകുന്നതും മൂന്ന് മിനിറ്റിനുശേഷം പ്രതാപ് വീട്ടിലേക്ക് ഓടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശശാങ്കിനെ ആക്രമിച്ചശേഷം 5.23ഓടെ രണ്ട് കത്തികളുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതാപിനെ അയൽവാസികളും സെക്യൂരിറ്റി ജീവനക്കാരനും ബൈക്ക് യാത്രക്കാരും ചേർന്ന് സൊസൈറ്റിയുടെ പ്രധാന കവാടത്തിൽ തടഞ്ഞുവച്ചു.
ശശാങ്കിന്റെ നിലവിളിയും മൂന്ന് വയസ്സുള്ള കുട്ടിയുടെ കരച്ചിലും കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശശാങ്കിനെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതാപിന് വീട്ടിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കിയത് പ്രിയയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് എളുപ്പത്തിൽ അകത്തുകയറാൻ പ്രിയ വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
നാല് വർഷം മുമ്പാണ് ഝാൻസി സ്വദേശിയായ ശശാങ്കും പ്രിയയും വിവാഹിതരായത്. പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും സർക്കാർ ജീവനക്കാരാണ്. കഴിഞ്ഞ ഏഴ്–എട്ട് മാസമായി പ്രിയ പോകുന്ന ഫിറ്റ്നസ് ഹെഡ്ക്വാർട്ടേഴ്സ് ജിമ്മിൽവച്ചാണ് പ്രതാപുമായി അടുപ്പത്തിലായത്. ഇരുവരും വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നതായും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു.
ബന്ധത്തെക്കുറിച്ച് ശശാങ്ക് അറിഞ്ഞതോടെ ദീപാവലിക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ശശാങ്കിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ 25ന് രാവിലെ ഓട്ടത്തിനിടെ ഇരുവരും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
ശശാങ്കിന്റെ തലയിലും കഴുത്തിലും തോളിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റതായി സഹോദരൻ റിതേഷ് കാന്താരിയ പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേൽപ്പിച്ചിട്ടുണ്ടെന്നും പൂർണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭർത്താവിനെ 12 തവണ കുത്തി; ഭാര്യയും ജിം ട്രെയിനറും അറസ്റ്റിൽ; ക്രൂരത സിസിടിവിയിൽ
Advertisement



























