ശബരിമലയിൽ ഹെൽത് കാർഡിന്റെ പേരിലും തട്ടിപ്പ്. മണ്ഡല-മകരവിളക്ക് കാലത്തേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡുകളാണ് വ്യാജമായി തയ്യാറാക്കി നൽകുന്നത്.സീതത്തോട്ടിലെ സ്വകാര്യ ലാബിലാണ് പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.
പണം നൽകിയാൽ
ആളിനെ കാണാതെയും പരിശോധനയില്ലാതെയും ഹെൽത്ത് കാർഡുകൾ വ്യാജമായി തയ്യാറാക്കി നൽകുന്ന സംഘമാണ് വ്യാപകമായത്. കാർഡിന്റെ ആവശ്യക്കാർ നമ്പർ മാറി വിളിച്ചത് ആരോഗ്യ വിഭാഗത്തിലെ തന്നെ ചില ഉദ്യോഗസ്ഥരെയാണ്. തട്ടിപ്പ് മണത്ത ഉദ്യോഗസ്ഥൻ ആവശ്യക്കാരനെന്ന നിലയിൽ സംസാരിച്ചതോടെയാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.സീതത്തോട്ടിലെ സ്വകാര്യ ലാബ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത് എന്നും വ്യക്തമായി. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാർഡിന്റെ ആവശ്യക്കാരായെത്തി തട്ടിപ്പുകാരെ കയോടെ പിടികൂടുകയായിരുന്നു
ടൈഫോയ്ഡ് വാക്സിൻ എടുത്തെന്ന് ഉറപ്പു വരുത്തി ഡോക്ടർ പരിശോധിച്ചശേഷം മാത്രമേ ഹെൽത്ത് കാർഡ് നൽകാവൂ എന്നാണ് നിയമം.
ഇവിടെ പരിശോധനയൊന്നുമില്ലാതെ ലാബ് മാഫിയ ഹെൽത്ത് കാർഡുകൾ നിർമിച്ചു നൽകുന്നതായാണ് കണ്ടെത്തിയത്. കാർഡ് ഒന്നിന് ഈടാക്കുന്നത് 1000 മുതൽ 1500 രൂപവരെയാണെന്നും വ്യക്തമായി. വ്യാജ കാർഡുകൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.2024 ലും ക്ലിനിക്കിൽ തട്ടിപ്പ് പിടികൂടിയിരുന്നു. ക്ലിനിക്കിനെതിരെ ശക്തമായ നടപടിക്ക്ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്

































