തിരുവനന്തപുരം: മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘സുന്ദര രാവണൻ’ എന്നു പേരിട്ടിരിക്കുന്ന ഗാനം കേരളപ്പിറവി ദിനത്തിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം എം.ജി. ശ്രീകുമാറാണ് ആലപിച്ചത്.
‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ടി.എസ്. ലവ്‌ലജൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.
കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിതരണാവകാശം പ്രമുഖ നിർമാണ-വിതരണ കമ്പനിയായ എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക ഒഴികെയുള്ള വിദേശ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും നേടി. ഇതോടെ ആഭ്യന്തര, വിദേശ വിപണികളിൽ വിതരണ പങ്കാളികളെ ഉറപ്പിച്ച ചിത്രം വിപുലമായ റിലീസിനാണ് ഒരുങ്ങുന്നത്.
‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, മുകേഷ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മോഹൻലാലിന്റെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ബിനു പപ്പു സഹസംവിധായകനായും പ്രവർത്തിക്കുന്നു. ഷഫീക് വി.ബി. എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ഗോകുൽദാസ് കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.




























