29.7 C
Kollam
Sunday 1st November, 2026 | 06:20:43 PM
Home News Kerala ഹോം സ്റ്റേയിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപ്പനയും ഉപയോഗവും; കമിതാക്കൾ പിടിയിൽ

ഹോം സ്റ്റേയിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപ്പനയും ഉപയോഗവും; കമിതാക്കൾ പിടിയിൽ

Advertisement

കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി ഹോം സ്റ്റേയിൽ മുറിയെടുത്ത് താമസിച്ച കമിതാക്കൾ അറസ്റ്റിൽ. നന്മണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. അനന്ദു (26), പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി. കീർത്തന (21) എന്നിവരാണ് ചേവായൂർ പൊലീസ് പിടിയിലായത്. കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

കക്കുഴിപ്പാലം സ്വദേശി ഷിജിയുടെ വീടിന്റെ താഴത്തെ നിലയാണ് ഹോം സ്റ്റേയായി പ്രവർത്തിച്ചിരുന്നത്. കുടുംബം മുകൾനിലയിലാണ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ എത്തിയ ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന് പറഞ്ഞാണ് മുറി ആവശ്യപ്പെട്ടത്. തിരിച്ചറിയൽ രേഖകളും 4,500 രൂപ അഡ്വാൻസും വാങ്ങിയ ശേഷം വീട്ടുടമ മുറി അനുവദിച്ചു.

വൈകിട്ടോടെ മുറിയിലെ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ വീട്ടുടമ പലതവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയവും പരിഭ്രാന്തിയും തോന്നിയ വീട്ടുടമ 112 എന്ന പൊലീസ് ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വാതിലിൽ മുട്ടിയെങ്കിലും ആദ്യം പ്രതികരണമുണ്ടായില്ല. പലതവണ ശക്തിയായി വാതിലിലും ജനലിലും മുട്ടിയതോടെയാണ് ഇരുവരും വാതിൽ തുറന്നത്. പൊലീസിനെ കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മുറിയിൽ പരിശോധന നടത്തുകയായിരുന്നു.

ഇരുവരുടെയും പാന്റിന്റെ പോക്കറ്റുകളിൽ നിന്നായി വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, 11,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും മുറിയിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here