29.7 C
Kollam
Sunday 1st November, 2026 | 05:46:52 PM
Home News Kerala വാക്കിലും വാദത്തിലും ആർക്കും തോൽപിക്കാനാകാത്ത മുഖ്യമന്ത്രി! വി ഡി സതീശനെ പുകഴ്ത്തി സുപ്രഭാതം

വാക്കിലും വാദത്തിലും ആർക്കും തോൽപിക്കാനാകാത്ത മുഖ്യമന്ത്രി! വി ഡി സതീശനെ പുകഴ്ത്തി സുപ്രഭാതം

Advertisement

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം. വാക്കിലും വാദത്തിലും മുഖ്യമന്ത്രിയെ തോൽപിക്കാനാകില്ലെന്നും ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാളാണ് വി.ഡി.സതീശനെന്നും ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുമായുള്ള സമസ്ത നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖപത്രത്തിലെ പ്രശംസ.

മുഖ്യമന്ത്രിയെ നിർലോഭം പുകഴ്ത്തുകയാണ് സുപ്രഭാതം പത്രത്തിന്‍റെ ഞായറാഴ്ചക്കോളം വ്യക്തിവിചാരം. കേരളം തൊടുന്ന പുതിയ തീരങ്ങൾ എന്ന തലക്കെട്ടിൽ ലേഖനം തുടങ്ങുന്നത് എൻ എൻ കക്കാടിന്‍റെ വഴി വെട്ടുന്നവരോട് എന്ന കവിതയുമായാണ്. മാരിടൈം ബോർഡ് ഭേദഗതി ബില്ലിനെ മുൻനിർത്തി മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകളെയും വ്യക്തിഗുണങ്ങളെയും സമസ്ത മുഖപത്രം പ്രശംസ കൊണ്ട് മൂടുന്നു. വാക്കിലും വാദത്തിലും ആർക്കും തോൽപിക്കാനാകാത്ത മുഖ്യമന്ത്രിക്ക് ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുണ്ട്.എഴുതിത്തയ്യാറാക്കിയ കുറിപ്പുകളുടെ പിൻബലമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെ കേരളം വിസ്മയം പോലെ കേൾക്കുന്നു. യുഡിഎഫിനെ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തിച്ചതിന്‍റെ ക്രെഡിറ്റും വി.ഡി.സതീശന്‍റെ വാഗ്ധോരണികൾക്ക് കൊടുക്കുന്നുണ്ട് സമസ്ത മുഖപത്രം.

നെഹ്റുവിന്‍റെ സയന്‍റിഫിക് ടെമ്പറിനെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി കുപ്പായമൂരി തുലാഭാരത്തട്ടിലിരിക്കുന്നത് വൈരുദ്ധ്യമല്ലെന്നും കേരളത്തിന്‍റെ മനസാണതെന്നും സുപ്രഭാതം ലേഖനം. പാരകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്. ഒരു മാസം മുൻപ് കാന്തപുരം വിവാദത്തിൽ മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെ നിശിതമായ വിമർശനം ഉന്നയിച്ച അതേ പംക്തിയിലാണ് വാരിക്കോരിയുള്ള ഈ പുകഴ്ത്തൽ. വഖഫ് ബോർഡ് പുനസംഘടനയിലെ സമസ്തയുടെ അതൃപ്തിയും അർഹിക്കുന്ന പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ചേർത്തുവായിക്കുമ്പോൾ ചിത്രം വ്യക്തമാകും. മുസ്ലിം ലീഗുമായുള്ള ഭിന്നത മറികടക്കാൻ മുഖ്യമന്ത്രിയിലേക്ക് നേരിട്ടൊരു പാലമിടുകയാണ് സമസ്ത.

LEAVE A REPLY

Please enter your comment!
Please enter your name here