ചേരാനല്ലൂർ വാഹനാപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ഇതുസംബന്ധിച്ച് ജയബാലകൃഷ്ണന്റെ മകൾ പുതിയ പരാതി നൽകി.
അപകടത്തിന് പിന്നാലെ ജഡ്ജി മൂന്നുമണിക്കൂറോളം സംഭവസ്ഥലത്ത് ചെലവഴിച്ചത് നിർണായക തെളിവുകൾ നശിപ്പിക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്. തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും ജഡ്ജിയെ ചോദ്യം ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം സുതാര്യമായി പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.




























