26.8 C
Kollam
Friday 13th November, 2026 | 10:56:15 PM
Home Lifestyle Entertainment സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രചോദനമായത് മെറിൻ ജോസഫ്; എങ്ങനെ എന്ന് അറിയണ്ടേ…

സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രചോദനമായത് മെറിൻ ജോസഫ്; എങ്ങനെ എന്ന് അറിയണ്ടേ…

Advertisement

ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത ‘ഓം’ സിനിമയിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രചോദനമായത് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥ മെറിൻ ജോസഫാണെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ധനുഷിനും സായ് പല്ലവിക്കും പുറമെ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നിത്യ റെഡ്ഡി എന്ന പോലീസ് ഓഫീസറുടെ വേഷമാണ് സായ് പല്ലവി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിലെ കഥാപാത്രത്തെ പരമാവധി തനിമയോടെ അവതരിപ്പിക്കാൻ സായ് പല്ലവിക്ക് റഫറൻസായി മെറിൻ ജോസഫിന്റെ ചിത്രങ്ങൾ നൽകിയിരുന്നതായി രാജ്കുമാർ പെരിയസാമി പറഞ്ഞു. മെറിൻ ജോസഫിനെ ‘മികച്ചൊരു പോലീസ് ഉദ്യോഗസ്ഥ’ എന്ന് വിശേഷിപ്പിച്ച സംവിധായകൻ, അവരുടെ ജീവിതകഥയും ഏറെ ശ്രദ്ധേയമാണെന്ന് അഭിപ്രായപ്പെട്ടു. സായ് പല്ലവിയുടെ കഥാപാത്രം മെറിൻ ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെങ്കിലും, നടിയുടെ ലുക്കിനായി അവരെ മാതൃകയാക്കിയിരുന്നതായി സംവിധായകൻ വ്യക്തമാക്കി.

സായ് പല്ലവി മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ‘ഓം’ സിനിമയിലെ വേഷത്തെ വ്യത്യസ്തമാക്കാനാണ് മെറിൻ ജോസഫിനെ റഫറൻസായി ഉപയോഗിച്ചതെന്ന് രാജ്കുമാർ പറഞ്ഞു. ‘സായിക്ക് അവരുടേതായ നിറവും സവിശേഷതകളും മുൻകാല കഥാപാത്രങ്ങളുടെ തുടർച്ചയുമുണ്ട്. മുൻപ് ചെയ്ത വേഷങ്ങളിൽനിന്ന് വ്യത്യസ്തമായി സ്വയം കാണാൻ അവരെ ആദ്യം അത് വിശ്വസിപ്പിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് ഞാൻ മെറിൻ ജോസഫ് മാഡത്തെ അവർക്ക് കാണിച്ചുകൊടുത്തത്,’ സംവിധായകൻ പറഞ്ഞു. മെറിൻ ജോസഫിന്റെ ലുക്ക് പരിചയപ്പെടുത്താൻ മാത്രമാണ് താൻ ഉദ്ദേശിച്ചതെങ്കിലും, കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സായ് പല്ലവി അവരെ വിളിച്ച് നേരിൽപ്പോയി കണ്ട് സമയം ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here